ബിജെപി പണം എത്തിച്ചത് ചാക്കില്‍ കെട്ടി : കാര്യങ്ങള്‍ നിയന്ത്രിച്ചത് പാർട്ടി ഓഫീസ് സെക്രട്ടറി ; ടോക്കൺ പത്ത് രൂപാ നോട്ട്

Jaihind Webdesk
Saturday, July 24, 2021

തൃശ്ശൂര്‍: ബിജെപി കേരളത്തിലേക്ക് ഹവാല പണം ഒഴുക്കിയതായുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പണം കൊണ്ടുവരുന്നതിന് പ്രത്യേക പ്രവര്‍ത്തനരീതി ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ടോക്കണ്‍ ഉപയോഗിച്ചാണ് പണം കൈമാറ്റം നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കര്‍ണാടകയിലെത്തി ടോക്കണ്‍ കാണിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയാണ് പണം വാങ്ങിയിരുന്നത്. പത്തുരൂപ നോട്ടാണ് ടോക്കണ്‍ ആയി ഉപയോഗിച്ചിരുന്നത്. പണം കൈമാറേണ്ടവരുടെ വിവരങ്ങള്‍ ധര്‍മരാജന് നല്‍കിയിരുന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊണ്ടുവന്നതു കൂടാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി പണം കൊണ്ടുവന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 12 കോടി രൂപയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെത്തിച്ചത്. മൂന്ന് തവണയായാണ് ധര്‍മരാജന്‍ ചാക്കില്‍ കെട്ടി പണം എത്തിച്ചത്. കൊടകര കവര്‍ച്ച നടന്ന ദിവസം 6.3 കോടി തൃശ്ശൂര്‍ ഓഫീസില്‍ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.