ന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ബിഎസ്എഫ് ജവാന്മാരെ നിയോഗിക്കാന്‍ നീക്കം. പാക് സൈന്യത്തിന്‍റെ പിന്തുണയോടെ നുഴഞ്ഞുകയറ്റം ശക്തമാകുന്നതിനാല്‍ ഇത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കൂടുതല്‍ ജവാന്മാരെ ഇവിടേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്.
കാര്‍ഗില്‍ വിജയ് ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഗിലില്‍ എത്തി ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്. അതേസമയം ഇന്നലെ പുലര്‍ച്ചെയാണ് കുപ്വാര ജില്ലയിലെ മാചല്‍ സെക്ടറില്‍ കാംകാരി പോസ്റ്റിനോട് ചേര്‍ന്ന് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പാക്കിസ്ഥാന്‍ സൈന്യവും ഭീകരരും ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആദ്യം വെടിയുതിര്‍ത്തത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ അക്രമണത്തില്‍ സൈനികനും മേജര്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചതായും അറിയിച്ചു. പാകിസ്താന്‍ സൈന്യത്തിലെ എസ്എസ്ജി കമാന്‍ഡോസ് അടക്കം ഭീകരര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് സൂചന. ഒരാഴ്ചയ്ക്കിടെ കുപ്വാരയില്‍ ഇത് രണ്ടാം തവണയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. കാര്‍ഗില്‍ വിജയാഘോഷങ്ങള്‍ക്ക് തൊട്ടു പിന്നാലെയുണ്ടായ പാക് പ്രകോപനത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക എന്നാണ് വിവരം.