തൃശൂർ: ആർഎൽവി രാമകൃഷ്ണന്‍റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ സംഗീത നാടക അക്കാദമിയുടെ ജാതി വിവേചനത്തിനെതിരെ കൂടുതൽ പരാതികളുമായി ദളിത് സംഘടനകൾ രംഗത്ത്. അക്കാദമിയിലെ നിയമനങ്ങളിൽ പോലും ജാതി വിവേചനം നിലനിൽക്കുന്നതായി ഇവർ ആരോപിക്കുന്നു. ഇതിനിടെ രാമകൃഷ്ണന്‍റെ ആത്മഹത്യാശ്രമത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ ആർ.എൽ.വി രാമകൃഷ്ണനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ നടപടി വേണമെന്നാണ് വിവിധ ദളിത് സംഘടനകൾ ആവശ്യപ്പെടുന്നത്. പട്ടികജാതി- പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം. സെക്രട്ടറിക്ക് കൂട്ടു നിൽക്കുന്ന സമീപനമാണ് ചെയർപേഴ്സൺ കെപിഎസി ലളിത സ്വീകരിക്കുന്നത്. ആദ്യം അവസരം വാഗ്ദാനം ചെയ്ത ശേഷം പിന്നീട് ഇവർ കൂറുമാറുകയായിരുന്നു. ആർഎൽവി രാമകൃഷ്ണൻ പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കെ.പി.എ.സി ലളിതയെ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ദളിത് സംഘടനകൾ ആവശ്യപ്പെടുന്നു.
അക്കാദമിയിലെ നിയമങ്ങളിൽ പോലും ജാതി വിവേചനം നിലനിൽക്കുന്നു. സെക്രട്ടറിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. മുൻപും ദളിത് കലാകാരൻമാർക്ക് അവഗണന നേരിടേണ്ടി വന്നു. ഇനിയും ഈ വിവേചനം കണ്ടു നിൽക്കില്ലെന്നും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടനകൾ വ്യക്തമാക്കുന്നു.