കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടണം; പ്രധാനമന്ത്രിക്ക് എ.കെ.ആന്‍റണിയുടെ കത്ത്

ന്യൂഡല്‍ഹി: വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്‍റെ കാലവധി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലുമായി വര്‍ദ്ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എംബസികള്‍ വഴി പലിശ രഹിതമായ ഹ്രസ്വ വായ്പകള്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം മുന്നോട്ടുവച്ചു.

കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമഗ്രമായ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കണം. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് കര്‍ഷകരാണ്. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലേക്ക് എത്തുന്നതുവരെയെങ്കിലും കര്‍ഷകരുടേയും വിദ്യാര്‍ത്ഥികളുടേയും വായ്പകള്‍ക്കുള്ള മോറട്ടോറിയം തുടരണം. ഇക്കാലയളവില്‍ പലിശ പൂര്‍ണ്ണമായും ഇളവ് ചെയ്യണമെന്നും എ.കെ.ആന്‍റണി ആവശ്യപ്പെട്ടു.

വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പാര്‍ട് ടൈം ജോലി ചെയ്താണ് പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ വരുമാനം നിലച്ചിരിക്കുന്നു. മാത്രമല്ല എക്സ്ചേഞ്ച് നിരക്കും അവരില്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. അതുകൊണ്ടു തന്നെ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ചെലവിനായി അതാത് രാജ്യങ്ങളിലെ എംബസികള്‍ക്ക് വഴി പലിശ ഈടാക്കാത്ത ഹ്രസ്വ വായ്പകള്‍ ലഭ്യമാക്കണം- ആന്‍റണി കത്തില്‍ നിര്‍ദ്ദേശിച്ചു.

Comments (0)
Add Comment