കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം കാലവധി ദീര്‍ഘിപ്പിച്ച മന്ത്രിസഭാ തീരുമാനം തട്ടിപ്പ് : മുല്ലപ്പള്ളി

Jaihind Webdesk
Wednesday, March 6, 2019

കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ മന്ത്രിസഭാ തീരുമാനം വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ പ്രഖ്യാപനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല. 2018 ഒക്ടോബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം രണ്ടുമാസത്തേക്ക് കൂടി നീട്ടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിലവിലെ മോറട്ടോറിയം നിലനില്‍ക്കെ തന്നെയാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും. കൂടാതെ മോറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞാല്‍ ഓരോ കര്‍ഷകനും പലിശയും പിഴപലിശയും ചേര്‍ത്ത് ഈ തുക തിരിച്ചടക്കേണ്ട സ്ഥിതിയും നിലനില്‍ക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മോറട്ടോറിയം കൊണ്ട് എന്തുഗുണമാണ് കര്‍ഷകന് ലഭിക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 85 കോടി രൂപ ഒന്നിനും പര്യാപ്തമല്ല. പ്രളയത്തെത്തുടര്‍ന്ന് ഇടുക്കിയില്‍ മാത്രം 11,530 ഹെക്ടറിലെ കൃഷി പൂര്‍ണ്ണമായും നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2300 ഓളം ആടുമാടുകള്‍ ചത്തൊടുങ്ങുകയും 1713 വീടുകള്‍ പൂര്‍ണ്ണമായും 7106 വീടുകള്‍ ഭാഗിമായും തകര്‍ന്നുവെന്നും മാധ്യമ റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനുമപ്പുറത്താണ് ഇടുക്കിയില്‍ മാത്രമുണ്ടായ നാശനഷ്ടം. പ്രളയാനന്തരം വെള്ളം കെട്ടി നിന്നും മറ്റുമായി വിളകള്‍ നശിച്ചതിന് പുറമെ അത് ഉത്പാദനത്തേയും ബാധിച്ചു. ഇതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. അതിനാല്‍ കര്‍ഷകരുടെ യഥാര്‍ത്ഥ നാശനഷ്ടം കണക്കാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
രണ്ടുമാസത്തിനുള്ളില്‍ ഇടുക്കിയില്‍ എട്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

1.25 ലക്ഷം കര്‍ഷകര്‍ വായ്പയുടെ പേരില്‍ ബാങ്കുനടപടികളുടെ ഭീഷണിയിലാണ്. ഇതുമനസിലാക്കി സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയില്‍ ഒരു പൈസപോലും കര്‍ഷകന് ലഭ്യമായിട്ടില്ലെന്നതും വസ്തുതയാണ്. കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കാനും അവരെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്കായി മോഹന വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയവരാണ് പിണറായി സര്‍ക്കാര്‍. നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശരഹിത വായ്പ നല്‍കുമെന്നും ആത്മഹത്യ ചെയ്യുന്ന കര്‍ഷക കുടുംബങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക സ്‌കീം കൊണ്ടുവരുമെന്നും പ്രഖ്യപിച്ചിരുന്നു. പ്രകടനപത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്ത പലിശരഹിത വായ്പയും കര്‍ഷക കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സ്‌കീമും എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ല. നാണ്യവിളകള്‍ക്ക് വിലതകര്‍ച്ചയുണ്ടായപ്പോള്‍ തറവില പ്രഖ്യാപിച്ചും റബ്ബറിന് വിലസ്ഥിരതാ പദ്ധതി പ്രഖ്യാപിച്ചും കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി. എന്നും കര്‍ഷകര്‍ക്ക് ഒപ്പം നിന്നുട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യു.പി.എസര്‍ക്കാരിന്റെ കാലത്ത് 72000 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. ഇഞ്ചിക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ നാഫെഡ് വഴി വിപണിയില്‍ ഇടപെടുകയും മികച്ചവില ഇഞ്ചി ഉറപ്പുവരുത്തുകയും ചെയ്തു. കാപ്പിയുടെ വില ഗണ്യമായി കുറഞ്ഞ സന്ദര്‍ഭത്തില്‍ പൊതുവിപണിയിലൂടെ കാപ്പിവില്‍ക്കാന്‍ തീരുമാനിച്ചതിലൂടെ കാപ്പികര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പുവരുത്താന്‍ സാധിച്ചു. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടേയും വിലയിടുന്ന വേളയിലെല്ലാം യു.പി.എ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ കര്‍ഷിക പ്രശ്നങ്ങള്‍ രാഷ്ട്രീയവത്ക്കരിച്ച് വോട്ടുനേടി അധികാരത്തിലെത്തിയാല്‍ കര്‍ഷകരേയും അവരുടെ ദുരിതങ്ങളേയും കൈവിടുന്ന സമീപനമാണ് നാളിതുവരെ സി.പി.എം സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടം എഴുതി തള്ളി. ഈ നടപടി മാതൃകയാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനെങ്കിലും ഇടതുസര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.