കുഴൽപ്പണം : ആർ.എസ്.എസ്-ബി.ജെ.പി ബന്ധം സ്ഥീരീകരിച്ച് പൊലീസ്

Jaihind Webdesk
Friday, April 30, 2021

തൃശൂർ : കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആർഎസ്എസ്-ബിജെപി നേതാക്കളുടെ ബന്ധം സ്ഥിരീകരിച്ച് പൊലീസ്. പണം കൈമാറിയ ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ എസ്.പി, ജി പൂങ്കുഴലി പറഞ്ഞു.

കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പണം കൊണ്ടുവരുന്നതിന്‍റെ ചുമതല ധർമ്മരാജനായിരുന്നു. ഇയാൾക്ക് പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് വ്യക്തമായതായും പൊലീസ് വെളിപ്പെടുത്തി.  ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ധർമ്മരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്ന് സുനിൽ മൊഴി നൽകി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധർമ്മരാജന്‍റെ ഡ്രൈവറാണ് കൊടകര പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധർമ്മരാജന് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.  കേസിലെ ഒരു പ്രതികൂടി പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.