കള്ളപ്പണക്കേസ് : ബിനീഷ് കോടിയേരിയുടെ വിചാരണ നടപടികള്‍ ഉടന്‍ ; നാല് കോടിയുടെ ഉറവിടം വ്യക്തമല്ല

 

കള്ളപ്പണക്കേസിൽ കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ വിചാരണ നടപടികൾ ഉടൻ. ചുമത്തിയത് 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. നാല് കോടി രൂപയുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. ലഹരി ഇടപാടിലൂടെ ബിനീഷ് കോടിയേരി പണം വെളുപ്പിച്ചെടുത്തത് കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ ക്ലാസിക് ഉദാഹരണമാണെന്ന് ഇഡി കുറ്റപത്രം.

ഹോട്ടൽ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ് കോടിയേരി പണം വെളുപ്പിച്ചെടുത്തുവെന്നത് കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ ക്ലാസിക് ഉദാഹരണമാണെന്നാണ് ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. മുഹമ്മദ് അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് കൃത്യമായ അറിവുണ്ടായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച് ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബിനീഷിനെതിരെ ഇഡി കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.

ബിനീഷ് നൽകിയ പണമുപയോഗിച്ച് ബംഗളുരുവിൽ തുടങ്ങിയ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ലഹരി ഇടപാടുകൾ വഴി അനൂപ് മുഹമ്മദ് വലിയ തുക സമ്പാദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഹോട്ടൽ ബിസിനസ് മറയാക്കി ഈ പണം അനൂപ് വെളുപ്പിച്ചെടുത്തു. ബിസിനസിന്‍റെ ഭാഗമായി അനൂപ് തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്‍റെ ഡെബിറ്റ് കാർഡ് ബിനീഷാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. 2012 മുതൽ 2019 വരെ 5,17,36,600 രൂപ ബിനീഷിന്‍റെ അക്കൗണ്ടിലെത്തി. എന്നാൽ ഇതിൽ 1,16,76,276 രൂപയ്ക്ക് മാത്രമേ ബിനീഷ് ഐടി റിട്ടേൺ സമർപ്പിച്ചിട്ടുള്ളൂവെന്നും കുറ്റപത്രത്തിൽ പറയുന്നു. ബാക്കി നാല് കോടിയിലധികം രൂപയുടെ ഉറവിടത്തെ കുറിച്ച് ബിനീഷിൽ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.

ഇതിന് പുറമെ അനൂപിന്‍റെ ലഹരി ഇടപാടുകളെകുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന ബിനീഷിന്‍റെ വാദത്തെ ഇഡി പൂർണമായും തള്ളുകയും ചെയ്തു. മറ്റ് പ്രതികളുമായി ബിനീഷ് നടത്തിയ വാട്‌സ്ആപ്പ് ചാറ്റിലെ വിവരങ്ങളും പണമിടപാട് രേഖകളും തെളിവായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബിനീഷിന്‍റെ ഡ്രൈവർ അനിക്കുട്ടനും ബിസനസ് പങ്കാളിയായ അരുൺ എസും ഇതുരെ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും കുറ്റപത്രത്തിലുണ്ട്. ഇക്കാര്യങ്ങൾ നിലനിൽക്കെ ബിനീഷിന് കേസിൽ നിന്ന് തടിയൂരാൻ സാധിക്കില്ല. കുറ്റപത്രം സമർപ്പിച്ചതോടെ ബിനീഷിന്‍റെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.

Comments (0)
Add Comment