കള്ളപ്പണം വെളുപ്പിക്കല്‍ : ബിനീഷിന്‍റെ ജാമ്യഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Thursday, April 22, 2021

ബംഗളുരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബംഗളുരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന് അർബുദം ഗുരുതരമാണെന്നും ഒപ്പം നില്‍ക്കാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം ബിനീഷ് കോടതിയില്‍ അഭ്യർത്ഥിച്ചിരുന്നു.

ഉച്ചയോടെ ജസ്റ്റിസ് നടരാജ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ബിനീഷിന്‍റെ വാദങ്ങളെ എതിർത്ത് ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തടസവാദം സമർപ്പിക്കും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ ബംഗളുരു യൂണിറ്റ് ബിനീഷിനെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് 175 ദിവസം തികഞ്ഞു. മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്. പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഇപ്പോഴുള്ളത്.

മധ്യവേനലവധിക്ക് കർണാടക ഹൈക്കോടതി ഏപ്രില്‍ 26ന് അടയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷയിലെ നടപടികൾ വേഗത്തിലാക്കാന്‍ അഭ്യർത്ഥിച്ചത്. അവധിക്ക് ശേഷം മെയ് 22 നാകും കോടതി പിന്നീട് പ്രവർത്തിക്കുന്നത്. ജാമ്യവിഷയത്തില്‍ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ പിന്നീട് മെയ് 22 ന് ശേഷമേ ഇക്കാര്യം പരിഗണിക്കൂ.