പിണറായി മുഖ്യമന്ത്രി ആയതിന് ശേഷം വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ മാവോയിസ്റ്റ്; കമ്മ്യൂണിസ്റ്റ് ഭരണകൂടം കമ്മ്യൂണിസ്റ്റുകാരനെ വെടിവെച്ചു കൊല്ലുന്നു

Jaihind Webdesk
Friday, March 8, 2019

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2016 നവംബര്‍ 24ന് വരയന്‍മലയില്‍ മാവോവാദി നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണം ശക്തമാണ്. അസുഖ ബാധിതരായ ഇവരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് പോലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും തോക്കിന്‍ മുനയിലെ ഒടുവിലത്തെ ഇരയാവുകയാണ് സി പി ജലീല്‍. ജലീലിന്റെ കുടുംബം ആരോപിക്കുന്ന പോലെ ഇതും ഒരു വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാവുകയാണ്. ആ വാദത്തിന് ശക്തിപകരുന്നതാണ് ദൃക്‌സാക്ഷികളുടെ വിവരണം. സംസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളെ ആയുധമെടുക്കാതെ കീഴടക്കാനുള്ള തന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദുരൂഹമായ വെടിവയ്പ്പും കൊലയും ആവര്‍ത്തിക്കുന്നത്.

2016 നവംബറിലായിരുന്നു നിലമ്പൂര്‍ കരുളായി മലയില്‍ മാവോയിസ്റ്റ് നേതാവ് തമിഴ്നാട് സ്വദേശി കുപ്പു ദേവരാജന്‍, അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറു മാസങ്ങള്‍ക്കു ശേഷമായിരുന്നു ഈ രണ്ടു മാവോയിസ്റ്റ് നേതാക്കളുടെയും മരണം.
ഈ ഏറ്റുമുട്ടലിന്റെ ദുരൂഹത അവസാനിക്കുന്നതിനു മുമ്പാണ് വീണ്ടും പൊലിസ് വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് നേതാവ് കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. നിലമ്പൂര്‍ വെടിവയ്പ്പില്‍ പൊലിസ് ഏറെ പഴി കേട്ടതിനു പിന്നാലെ മറ്റൊരു വെടിവയ്പ്പും മരണവും ഇടതു സര്‍ക്കാരിനും സി.പി.എമ്മിനും മുന്നണിക്കകത്തുനിന്നും പുറത്തുനിന്നും തലവേദന സൃഷ്ടിക്കും. നിലമ്പൂര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്നതിനെതിരേ സി.പി.ഐ ശക്തമായി രംഗത്തുവന്നിരുന്നു. ഇത് ഇടതുമുന്നണിയില്‍ രാഷ്ട്രീയ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലുന്ന സംസ്‌കാരം കേരളത്തിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
നിലമ്പൂര്‍ വെടിവയ്പ്പിനെ ചൊല്ലി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതും വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി ജലീലിന്റെ ബന്ധുക്കള്‍ രംഗത്തു വന്നിട്ടുണ്ട്. അതേസമയം ആത്മരക്ഷാര്‍ത്ഥമാണ് വെടിവയ്പ്പുണ്ടായതെന്ന് പൊലിസ് പറയുന്നു. മാവോയിസ്റ്റ് ഏറ്റുമുട്ടലുകളും മരണവും സംസ്ഥാനത്ത് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റുകളോടുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടും വീണ്ടും ചര്‍ച്ചയാകുകയാണ്.

വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഒരു മാവോയിസ്റ്റ് നേതാവുകൂടി പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിന് സര്‍ക്കാര്‍ എന്തു വിശദീകരണം നല്‍കുമെന്നതും ശ്രദ്ധേയമായിരിക്കും. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വിവാദമായപ്പോള്‍ മുഖ്യമന്ത്രി ആദ്യമൊന്നും വിശദീകരണം നല്‍കിയിരുന്നില്ല. മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന സര്‍ക്കാര്‍ നിലപാടല്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിക്കുമ്പോഴാണ് ഈ ഭരണകാലത്തിനിടയില്‍ മൂന്നു മാവോയിസ്റ്റുകള്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ഏറ്റുമുട്ടല്‍ എന്നതും ശ്രദ്ധേയമാണ്.

നക്സല്‍ വേട്ടയുടെ പേരില്‍ വന്‍ ഫണ്ടാണ് കേന്ദ്രം നക്സല്‍-മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാറ്. ഈ തുക ലഭിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍ വരെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇത്തരം നീക്കം നടക്കില്ലെന്ന് കരുതുമ്പോഴാണ് രണ്ട് ഏറ്റുമുട്ടലുകളും മൂന്നു കൊലയും നടന്നത്. തുടര്‍ച്ചയായി നടക്കുന്ന ഏറ്റുമുട്ടലും കൊലയും ക്രമസമാധാന നിലയെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. മാവോയിസ്റ്റുകള്‍ക്കു നേരെ സര്‍ക്കാര്‍ നിരന്തരം സായുധ നീക്കം നടത്തുന്നത് സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ആശങ്കയുണര്‍ത്തുന്നുമുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വയനാട് കേന്ദ്രീകരിച്ചുള്ള കബനീദളമാണ് ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. ആയുധവുമായി പ്രത്യക്ഷപ്പെടുമെങ്കിലും ഗ്രാമീണരെ ഈ സംഘങ്ങള്‍ സായുധമായി നേരിട്ടിരുന്നില്ല. കേരളത്തില്‍ പൊലിസുമായി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാകുന്നതോടെ തങ്ങള്‍ക്കു നേരെ പ്രതികാര നടപടിയുണ്ടാകുമോയെന്നാണ് വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ഭയം.