സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ ശോഭനാ ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കുകയോ അല്ലാത്തപക്ഷം 50 കോടി നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നാണ് ആവശ്യം. കഴിഞ്ഞ നവംബറിലാണ് മോഹന്‍ലാല്‍ നോട്ടീസ് അയച്ചത് ഖാദി ബോര്‍ഡ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
എംസിആറിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിന് ലാലിനും എംസിആറിനും എതിരെ നേരത്തെ ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ദേശീയതയുടെ അടയാളമായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിന് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിച്ചിരുന്നു. ഇതിനിടെ ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് മോഹന്‍ലാലിന്റെ വാദം.
എന്നാല്‍ കഴിഞ്ഞ മാസമാണ് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചതെന്നും നോട്ടീസിനെ നിയമപരമായി നേരിടുമെന്ന ശോഭന ജോര്‍ജ് പ്രതികരിച്ചു. 50 കോടി നല്‍കാനുളള ശേഷി ഖാദി ബോര്‍ഡിനില്ലെന്നും ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി.
മാത്രമല്ല, എംസിആറിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് നല്കിയ നോട്ടീസ് അഭ്യര്‍ത്ഥനയുടെ രൂപത്തിലായിരുന്നുവെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു.