വടക്ക് ഭീകരര്‍ ജവാന്‍മാരെ കൊലപ്പെടുത്തുന്നു, ഇവിടെയും കൊലപാതകങ്ങള്‍ നടക്കുന്നു; രണ്ടും ഭീകരത തന്നെ, നമുക്കിടയിലെ ഭീകരരെ ഒറ്റപ്പെടുത്തുക: മോഹന്‍ലാല്‍

Jaihind Webdesk
Thursday, February 21, 2019

കൊലപാതക രാഷ്ട്രീയത്തെയും ഭീകരാക്രമണങ്ങളെയും അപലപിച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു… നാം ജീവിക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്. രാജ്യത്തിന്റെ വടക്കുഭാഗത്ത് ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാന്‍മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു. നമുക്കിടയിലുള്ള ഭീകരരെ ഒറ്റപ്പെടുത്താനും തള്ളിക്കളയാനും ആരായിരുന്നാലും ശരി സഹായിക്കാതിരിക്കാനും മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ ആഹ്വാനം ചെയ്യുന്നു. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടേയെന്ന പ്രത്യാശയും മോഹന്‍ലാല്‍ തന്റെ ലേഖനത്തില്‍ പങ്കുവെയ്ക്കുന്നു. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ ചോദിക്കുന്നു.. മാപ്പ്.. മാപ്പ്.. എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തെയും കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ട സംഭവത്തെയുമാണ് മോഹന്‍ലാല്‍ തന്‍റെ ബ്ലോഗിലൂടെ പ്രതിപാദിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. നമുക്കിടയിലെ ഭീകരര്‍ എന്ന വിശേഷിപ്പിച്ചതിലൂടെ സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തോടുള്ള ശക്തമായ മുന്നറിയിപ്പും വിമര്‍ശനവുമാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://blog.thecompleteactor.com/2019/02/they-keep-dying-and-we-live-on/