മോഫിയയുടെ ആത്മഹത്യ: പോലീസിന്‍റെ കുറ്റപത്രത്തില്‍ സിഐ സുധീറിന്‍റെ പേരില്ല; കോടതിയെ സമീപിക്കാൻ കുടുംബം

Jaihind Webdesk
Wednesday, January 19, 2022

 

നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തിൽ നിന്നും അന്നത്തെ സി.ഐ   സുധീറിനെ ഒഴിവാക്കിയതിൽ പ്രതിഷേധം. ആത്മഹത്യാ കുറിപ്പിൽ പേരുള്ള സുധീറിനെ ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

ഭർതൃ വീട്ടുകാർക്കും ഇൻസ്പെക്ടർക്കും എതിരെ ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം നവംബർ 22 നാണ് മോഫിയ ആലുവ എടയപ്പുറത്തെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. കേസിൽ അന്വേഷണം നടത്തിയ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് മുഹമ്മദ് സുഹൈൽ ആണ് ഒന്നാം പ്രതി. സുഹൈലിന്‍റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
മോഫിയ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ള മുൻ ആലുവ സി.ഐ സി.എൽ. സുധീറിന്‍റെ പങ്കിനെ പറ്റി കുറ്റപത്രത്തിൽ പരാമർശമില്ല. മോഫിയയുടെ ആത്മഹത്യക്ക് സുധീറും കാരണക്കാരനാണെന്ന് കുടുംബം പറയുന്നു. സുധീറിനെ പ്രതിയാക്കണമെന്ന് മോഫിയയുടെ വീട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. സുധീറിന് എതിരായ പരാതിയിൽ നടക്കുന്ന വകുപ്പ് തല അന്വേഷണം പൂർത്തിയായിട്ടുമില്ല.