‘സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പിന്നോട്ടില്ല, സമരം സര്‍ക്കാരിനെതിരാക്കി മാറ്റും’ ; പ്രതിഷേധം തുടര്‍ന്ന് കോണ്‍ഗ്രസ്

കൊച്ചി : ആലുവയില്‍ ഭര്‍തൃവീട്ടിലെ പീഡനത്തെതുടര്‍ന്ന് നിയമവിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന സമരം തുടരുന്നു. സിഐ സി.എല്‍ സുധീറിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതിനെതിരെയാണ് പ്രതിഷേധം.

ബെന്നി ബെഹ്നാന്‍ എം.പി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ സമരം സര്‍ക്കാരിനെതിരാക്കി മാറ്റുമെന്ന് ബെന്നി ബെഹ്നാന്‍ പറഞ്ഞു. മോഫിയയ്ക്ക് പൊലീസ് നീതി നിഷേധിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ സമരസ്ഥലത്തേക്ക് മോഫിയയുടെ ഉമ്മ എത്തി. സിഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ വ്യക്തമാക്കി. സിഐയ്ക്ക് സ്റ്റേഷന്‍ ചുമതല നല്‍കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണത്തിനു മുന്‍പ് മോഫിയയ്ക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും എംഎല്‍എ വ്യക്തമാക്കി.

Comments (0)
Add Comment