മോദിയുടെ ധ്യാനം: മത്സ്യബന്ധനത്തിന് വിലക്ക്; ജീവിതം വഴിമുട്ടി കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികള്‍

 

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനത്തില്‍ ജീവിതം പ്രതിസന്ധിയിലായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍. രണ്ടുദിവത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണുള്ളത്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയതാണ് ചെറുകിട മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് പാറയ്ക്ക് ചുറ്റും അഞ്ചു കിലോമീറ്റർ ചുറ്റളവില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്. മോദിയുടെ വരവിനെ തുടര്‍ന്ന് വിവേകാനന്ദ പാറയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് പ്രദേശത്തെ ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി രണ്ടായിരത്തോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ഇവര്‍ കടലിലും കരയിലും സദാസമയം നിരീക്ഷണം നടത്തുന്നുണ്ട്. അതിന് പുറമെ നാവിക സേനയും തീര സംരക്ഷണ സേനയും രംഗത്തുണ്ട്.

നേരത്തെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഈ പ്രദേശങ്ങള്‍ മെയ് 16 മുതല്‍ 10 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ 3 ദിവസത്തേക്ക് കൂടി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സമീപത്തെ നാല്‍പ്പതോളം മത്സ്യബന്ധന ഗ്രാമങ്ങളില്‍ സുരക്ഷാസേന നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദിവസവും കടലില്‍ പോയാല്‍ പോലും ചെറിയ വരുമാനമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇതിനുപുറമെ വിവിഐപി സുരക്ഷയുടെ പേരിലെ നിയന്ത്രണങ്ങള്‍ കൂടിയായപ്പോള്‍ അന്നന്നത്തെ അന്നം തേടുന്നവരുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Comments (0)
Add Comment