ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ മോദി പല നാടകങ്ങളും കളിക്കും; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ തൊഴിലില്ലായ്മ പരിഹരിക്കും: രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ വ്യാജ പ്രചാരണങ്ങളില്‍ വീഴാതെ ജനകീയ വിഷയങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി. മോദി നാടകങ്ങള്‍ പലതും കളിക്കും, മോദി എല്ലാം ചെയ്തത് അദാനിക്ക് വേണ്ടി, ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപികരിക്കുമെന്നും ഒഴിഞ്ഞു കിടക്കുന്ന 30 ലക്ഷം സര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്ക് തിരിച്ചടിയാവുമെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി മോദി പല നാടകങ്ങളും കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപികരിക്കും. മോദിയുടെ കൈകളില്‍ നിന്ന് ഭരണം പോവുമെന്നും ഇനി മോദി പ്രധാനമന്ത്രിയാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും വാക്കുകളായിരുന്നു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരതി ഭരോസ എന്ന പദ്ധതി ഞങ്ങള്‍ കൊണ്ടുവരുമെന്നും അതിലൂടെ 30 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം തന്റെ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

Comments (0)
Add Comment