ന്യൂഡല്‍ഹി: മോദിയുടെ പ്രകടനപത്രികയെ വിശ്വസിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. കഴിഞ്ഞ പത്തു വർഷം ജനങ്ങള്‍ക്കായി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ നടപ്പാക്കിയില്ല. ജനങ്ങള്‍ക്ക് നല്‍കിയ ഒരു ഗ്യാരന്‍റിയും പാലിക്കാന്‍ കഴിയാത്ത മോദിയുടെ പുതിയ പ്രകടനപത്രികയും വിശ്വസിക്കാനാവില്ലെന്നും ഖാർഗെ പറഞ്ഞു.
“കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. എംഎസ്‌പി വർധിപ്പിക്കുമെന്നും നിയമപരമായ ഗ്യാരന്‍റി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന അത്തരം ഒരു ജോലിയും തന്‍റെ ഭരണകാലത്ത് അദ്ദേഹം ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രകടനപത്രികയെ വിശ്വസിക്കാനാവില്ല. ജനങ്ങൾക്ക് നൽകാൻ അദ്ദേഹത്തിന് ഒന്നുമില്ലെന്ന് ഇത് തെളിയിക്കുന്നു” – ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടേത് പ്രകടന പത്രികയല്ല നുണ പത്രികയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം സുപ്രിയ ഷ്രിനാറ്റെയും പ്രതികരിച്ചു.