ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരുന്നത് അതിലും വലിയ വിഡ്ഢിത്തരമെന്ന് റിപ്പോര്‍ട്ടുകള്‍. 11 രൂപയുടെയും 21രൂപയുടെയും കറന്‍സികള്‍ പുറത്തിറക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഉന്നതര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കൂടുതല്‍ വിപുലമായ നോട്ട് നിരോധന ആലോചനകളും 2000 രൂപ നോട്ടിന്റെ പ്രിന്റിംങും ആരംഭിച്ചതെന്ന് ദി പ്രിന്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രയോഗത്തിലില്ലാത്ത കറന്‍സി മൂല്യങ്ങള്‍ പുതിയതായി അവതരിപ്പിച്ചാല്‍ അത് ഇടപാടുകളെ ഗുരുതരമായി ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ നിരത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെ ആര്‍ബിഐ എതിര്‍ത്തത്. ആലോചനാഘട്ടത്തില്‍ ഇങ്ങനെ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നെന്നും എന്നാല്‍ ഇതെല്ലാം നടപ്പിലാക്കാന്‍ ഉദ്ദേശമില്ലെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്.
സമയബന്ധിതമായി ഉപയോഗവും ഡിമാന്‍ഡും പരിഗണിച്ചാണ് സാധാരണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തോടെ ആര്‍ബിഐ നോട്ടുകള്‍ പുറത്തിറക്കുന്നത്. ഉപയോഗവും മൂല്യവും മുന്‍നിര്‍ത്തി ചില നോട്ടുകളും നാണയങ്ങളും പിന്‍വലിക്കുകയും ചെയ്യും. അഞ്ച് പൈസ, പത്ത് പൈസ തുടങ്ങിയ നാണയങ്ങളും ഒരുരൂപ നോട്ടും പിന്‍വലിച്ചത് ഇതിന് ഉദാഹരണമാണ്.
നോട്ട് നിരോധനം രണ്ട് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തെ പകുതിയിലധികം എടിഎം മെഷീനുകളും പ്രവര്‍ത്തന ക്ഷമമായിട്ടില്ല. 200 രൂപയുടെ നോട്ടുകള്‍ ലഭ്യമാകാത്തവയാണ് ഇവയില്‍ പലതും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.