എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി; പരാമര്‍ശത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി; ‘സത്യത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമം നടക്കില്ല’

Jaihind Webdesk
Thursday, October 10, 2019

കള്ളമാരുടെ പേരില്‍ മോദിയുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞതില്‍ തെറ്റു തോന്നുന്നില്ലെന്നും സത്യത്തെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു. കള്ളന്‍മാര്‍ക്കെല്ലാം പേര് മോദിയാണെന്ന തന്റെ പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്ന് കേസിലെ വാദം കേള്‍ക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്നു കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല. തനിക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്ന കേസുകളെ കുറിച്ച് ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റി. ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ കോടതി കഴിഞ്ഞ മേയ് മാസത്തില്‍ രാഹുലിന് സമന്‍സ് അയച്ചിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും രാഹുലിന്റെ പരാമര്‍ശത്തില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ തന്നെ നിശബ്ദനാക്കാന്‍ ആഗ്രഹിക്കുന്ന തന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകാന്‍ താന്‍ ഇന്ന് സൂറത്തിലാണെന്നും തനിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇവിടെ ഒത്തുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്’ ഇതായിരുന്നു രാഹുല്‍ പറഞ്ഞത്.