മോദി സർക്കാർ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു : പി ചിദംബരം

Jaihind Webdesk
Tuesday, December 28, 2021

ന്യൂഡല്‍ഹി:  മോദി സര്‍ക്കാര്‍ തങ്ങളുടെ ഭൂരിപക്ഷ അജണ്ട നടപ്പാക്കാന്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി  കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസസമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയ സംഭവത്തിലാണ് അദ്ദേഹത്തിന്‍റെ വിമർശനം.

‘കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ ദരിദ്രര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മദര്‍ തെരേസയുടെ സ്മരണയോടുള്ള ഏറ്റവും വലിയ അപമാനമാണിത്’ ചിദംബരം ട്വീറ്റ് ചെയ്തു.

ക്രിസ്മസ് നാളിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയത്. ‘ചില ഹാനികരമായ വിവരങ്ങള്‍ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത്. വര്‍ഗീയ കലാപങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്താനാണ്‌ ശ്രമിക്കേണ്ടത്‌. അല്ലാതെ ക്രിസ്ത്യന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളേയും മാനുഷികപ്രവര്‍ത്തനങ്ങളേയും അടിച്ചമര്‍ത്താനല്ല’ ചിദംബരം പറഞ്ഞു.

2021 അവസാനിക്കുന്ന ഘട്ടത്തില്‍ മോദി സര്‍ക്കാര്‍ മറ്റൊരു ലക്ഷ്യം കണ്ടെത്തിയെന്ന് വ്യക്തമാണ്. അത് ക്രിസ്ത്യാനികളാണ്. ഭൂരിപക്ഷ അജണ്ട നടപ്പാക്കാനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത് നടുക്കമുണര്‍ത്തുന്നതാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര നടപടിയോടെ ഉപവിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണവും മരുന്നും വാങ്ങാന്‍ നിര്‍വാഹമില്ലാതായെന്നും അവര്‍ പറഞ്ഞു.