കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം ; നീതി ഉറപ്പാക്കണമെന്ന് മോദിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Saturday, November 20, 2021

ന്യൂഡല്‍ഹി : യുപിയിലെ ലഖിംപൂര്‍ ഖേരികര്‍ഷക കൂട്ടക്കൊലയില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ  പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്ന് പ്രിയങ്ക ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി തുറന്ന കത്തെഴുതി. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുത്. ഇത് പ്രധാനമന്ത്രിയുടെ ധാർമികമായ ഉത്തരവാദിത്തമാണ്. നീതി ഉറപ്പുവരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോന നടത്തിയത് കേന്ദ്രമന്ത്രി അജയ് മിശ്രയെന്നാണ് ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകൻ ആശിശ് മിശ്ര ഉൾപ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്‍റെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജയിനിനെയാണ് അന്വേഷണ മേൽനോട്ടത്തിന് സുപ്രീംകോടതി നിയമിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ യുപി സര്‍ക്കാരിന്‍റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടിയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സുപ്രീംകോടതി നേരിട്ട് ഉൾപ്പെടുത്തി.