പ്രധാനമന്ത്രി രാജ്യത്തെ വിഭജിച്ചു; തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അഴിമതി വിഷയങ്ങളില്‍ മോദി മറുപടി പറയണം: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് മൂന്ന് വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, അഴിമതി, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കണ്ണൂരില്‍ യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യത്തെ വിഭജിച്ച് ദേശവിരുദ്ധ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളത്. ഓരോ 24 മണിക്കൂറിലും 27,000 ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. രാജ്യത്തിന്‍റെ കാർഷിക മേഖലയെയും കര്‍ഷകരെയും തകര്‍ത്തത് മോദിയുടെ തെറ്റായ നയങ്ങളാണ്. ഇതെല്ലാം മോദി ചെയ്തുകൊണ്ടിരിക്കുന്ന ദേശവിരുദ്ധപ്രവൃത്തികളാണ്. അംബാനിക്ക് നല്‍കിയ വഴിവിട്ട സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദി പറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് എന്തൊക്കെയോ മറച്ചുവെക്കാനുള്ളതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്തതെന്നും രാഹുല്‍ ഗാന്ധി ‍കണ്ണൂരില്‍ പറഞ്ഞു.

Rahul gandhi Kannur
Comments (0)
Add Comment