15 ലക്ഷത്തില്‍ നിന്ന് 6000ത്തിലേക്ക്. പ്യാരേ ദേശ്‌വാസിയോം, ഇതാണ് ബി.ജെ.പിയുടെ ‘തെരെഞ്ഞെടുപ്പു ജയിക്കല്‍ യോജന’

Jaihind Webdesk
Friday, February 1, 2019

ലോക്‌സഭാ തെരെഞ്ഞെടുപ്പ് ലഷ്യമിട്ട് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പുറത്തു വരുമ്പോള്‍ തകര്‍ന്നടിയുന്നത് 2014ല്‍ ജനങ്ങള്‍ക്ക് നല്‍കിയ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ കള്ളപ്പണം വീണ്ടെടുത്ത് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ ഇട്ടുനല്‍കുമെന്നായിരുന്നു 2014ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയും മോദിയും മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ നിലവിലെ ബജറ്റില്‍ ഇത് ആറായിരത്തിലെത്തി നില്‍ക്കുന്നുവെന്ന വസ്തുതയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ മൂന്നുതവണകളായി അക്കൗണ്ടിലേക്ക് ഇട്ടു നല്‍കുമെന്ന പ്രഖ്യാപനമാണ് പുറത്തു വന്നിട്ടുള്ളത്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ വികലമായ കാര്‍ഷിക നയങ്ങളുടെ പേരില്‍ രാജ്യത്തോട്ടാകെ ഉയര്‍ന്ന കര്‍കപ്രക്ഷോഭങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് കര്‍ഷകരെ സഹായിക്കാന്‍ ബാങ്കിലൂടെ പണം നല്‍കാനുള്ള പദ്ധതിയിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. പദ്ധതിയുടെ നടപ്പാക്കലും അതിനു വേണ്ട പണം കണ്ടെത്തെലും എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചുരുക്കത്തില്‍ ഇതും തെരെഞ്ഞെടുപ്പിന് മുമ്പുള്ള വാചകകസര്‍ത്തായി മാറാനാണ് സാധ്യത.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതികളുടെ ഭാഗമായി നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും സാധാരണക്കാരുടെ നട്ടെല്ല് തകര്‍ത്തിരുന്നു. കള്ളപ്പണ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് നോട്ട് നിരോധനമെന്ന് ആദ്യം പറഞ്ഞ മോദിയും സര്‍ക്കാരും പിന്നീട് ഡിജിറ്റല്‍ ബാങ്കിങ്ങിനെ പ്രോത്സാഹിപ്പിക്കാനാണ് നിരോധനം കൊണ്ടുവന്നതെന്ന് മാറ്റിപ്പറയേണ്ട ഗതികേടുമുണ്ടായി. നോട്ട് മാറാന്‍ രാജ്യത്തെയാകെ വരി നിര്‍ത്തിയപ്പോള്‍ നൂറോളം ജീവനുകളാണ് പൊലിഞ്ഞത്. ഇതിനു പുറമേ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ നല്‍കുകയും കോടികളുടെ വായ്പയെടുത്തവര്‍ക്ക് രാജ്യം വിട്ടു പോകാനുള്ള അനുമതി നല്‍കിയതും മോദി സര്‍ക്കാരിന്റെ കാലത്താണെന്നതും പകല്‍ പോലെ വ്യക്തമാണ്.