പ്രതിപക്ഷ പ്രതിഷേധം മൂടിവെച്ച് സഭാ ടിവി: മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; മോദി മോഡല്‍ അടിച്ചമർത്തലിന്‍റെ പിണറായി പതിപ്പെന്ന് രൂക്ഷ വിമർശനം

Jaihind Webdesk
Monday, June 27, 2022

തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് നടന്നത് പ്രതിപക്ഷ പ്രതിഷേധം മൂടിവെക്കാനുള്ള ബോധപൂര്‍വമായ ശ്രമം. പ്രതിഷേധം ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവി സംപ്രേഷണം ചെയ്തത്. മാധ്യമങ്ങള്‍ക്ക് ശക്തമായ നിയന്ത്രണവും ഏർപ്പെടുത്തി. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനും  മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ് ഉണ്ടായത്. മോദി സർക്കാരിന്‍റെ അതേ മാതൃക തന്നെയാണ് കേരളത്തില്‍ പിണറായി സർക്കാരും പിന്തുടരുന്നതെന്ന് അടിവരയിടുന്ന സംഭവം കൂടിയായി ഇത്.

ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരുമ്പോള്‍ അത് കാണിക്കാതെ പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും മാത്രം കാണിക്കുന്ന അതേ മാതൃകയാണ് ഇന്ന് കേരളത്തിലും കണ്ടത്. അതി ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ഗുണ്ടായിസവും ഡിവൈഎഫ്ഐ അതിക്രമങ്ങളും ഉന്നയിച്ചാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങള്‍ക്കെതിരായ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാർ എത്തിയത്. നടുത്തളത്തിലേക്കിറങ്ങിയതോടെ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് സഭാ ടിവി ഒഴിവാക്കുകയായിരുന്നു. തുടർന്ന് സംപ്രേഷണം ചെയ്തത് ഭരണപക്ഷത്തിന്‍റെ ദൃശ്യങ്ങള്‍ മാത്രം. അതേസമയം പ്രകോപനപരമായ മുദ്രാവാക്യം വിളികളോടെ ഭരണപക്ഷ എംഎല്‍എമാർ പ്രതിപക്ഷത്തിനെതിരെ എത്തിയതും പുറംലോകം കണ്ടില്ല.

സഭാസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മീഡിയ റൂമില്‍ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണമാണുള്ളത്. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിവരം.  പ്രതിപക്ഷ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് സഭാ ടിവിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. തുടർന്ന് പുറത്തെത്തിയ പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില്‍ മാധ്യമങ്ങളെ കണ്ടു. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.