പ്രകടനമാണ് പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ മോദിയെ ആദ്യം പുറത്താക്കണം : സിദ്ധരാമയ്യ

Jaihind Webdesk
Thursday, July 8, 2021

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡം പ്രകടനമാണെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. 2014 മുതല്‍ ബി.ജെ.പി സര്‍ക്കാരുകളുടെ മുഴുവന്‍ പരാജയത്തിനും ഉത്തരവാദി മോദിയാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

കോവിഡ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സമയത്ത് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് എല്ലാ തീരുമാനങ്ങളും പ്രഖ്യാപിച്ചത് മോദിയായിരുന്നു. കോവിഡിനെ തുരത്താന്‍ പാത്രം കൊട്ടാന്‍ പറഞ്ഞതടക്കം പ്രധാനമന്ത്രിയാണ്. എന്നാല്‍ വീഴ്ചയുടെ പേരില്‍ പുറത്താക്കിയത് ഹര്‍ഷവര്‍ധനെയാണ്. എന്തുകൊണ്ട് മോദി രാജിവെച്ചില്ല?-സിദ്ധരാമയ്യ ചോദിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഉത്തരവാദി കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ്. മറ്റാരേക്കാളും മുമ്പേ പുറത്താക്കേണ്ട ആളായിട്ടും എന്തുകൊണ്ട് ധനമന്ത്രിയെ നിലനിര്‍ത്തി? നോട്ടുനിരോധനവും ജി.എസ്.ടിയും മറ്റു പരാജയപ്പെട്ട നയങ്ങളുമാണ് നമ്മുടെ രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയിലേക്ക് തള്ളിവിട്ടത്.