മോദി സമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുന്നു; പൂനെയിലെ വാഹനാപകടത്തില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. സമ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഇന്ത്യ സൃഷ്ടിക്കുന്നത്. പൂനെയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ എക്‌സിലൂടെ പങ്കുവെച്ച വീഡിയോയില്‍ പ്രതികരിക്കുകായായിരുന്നു രാഹുല്‍ ഗാന്ധി. അനീതിക്കെതിരെയാണ് താന്‍ പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പൂനെയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് ആഢംബര വാഹനം ഓടിച്ചിരുന്ന 17കാരന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യംകിട്ടിയ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേസിലെ കുറ്റാരോപിതന്‍ ധനികനായതിനാലാണ് അയാള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത്. ‘ഒരു ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ഓടിക്കുന്ന വാഹനം അബദ്ധത്തില്‍ ആരെയെങ്കിലും ഇടിച്ചാല്‍ അവരെ 10 വര്‍ഷം ജയിലിലിടും. എന്നാല്‍ ഒരു പണക്കാരന്‍റെ മകന്‍ ഓടിക്കുന്ന കാറിടിച്ച് ആളുകള്‍ കൊല്ലപ്പെട്ടാല്‍ അയാളോട് റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാന്‍ പറയും’ -രാഹുല്‍ പറഞ്ഞു.

മോദി സമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. പണക്കാരനും പാവപ്പെട്ടവര്‍ക്കും നീതി ലഭിക്കണമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അഞ്ചു ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഉന്നയിക്കുന്നത്.

Comments (0)
Add Comment