മോദി സ്വയം ആളാകാന്‍ മറ്റുള്ളവരെ നിന്ദിക്കുന്നു; നെഹ്‌റുവിനെ ആക്ഷേപിച്ച് സ്വന്തം ഭരണപരാജയം മറയ്ക്കാന്‍ ശ്രമം: രാഹുല്‍ഗാന്ധി

Jaihind Webdesk
Thursday, December 6, 2018

സ്വന്തം മേല്‍ക്കോയ്മ തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുളളവരെ നിന്ദിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ത്താപൂര്‍ വിഷയം പറഞ്ഞ് മോദി സര്‍ദാര്‍ പട്ടേലിനേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും താഴ്ത്തികെട്ടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ താഴ്ത്തിക്കെട്ടിക്കൊണ്ട് സ്വയം മേല്‍ക്കോയ്മ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. കര്‍ത്താപൂര്‍ പാക്കിസ്ഥാനില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കാനുളള തീവ്ര ശ്രമത്തിലാണ് മോദി. അതിനായി സര്‍ദാര്‍ പട്ടേലിനേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും അവഹേളിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

കര്‍ത്താപൂര്‍ പാക്കിസ്ഥാനില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാന രഹിത ആരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിക്ക് മതത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്ന തരത്തിലുളള പ്രസ്ഥാപനകളും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനു മറുപടിയായിട്ടാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിന്റെ നേതാക്കന്‍മാരെയും അവഹേളിക്കുക എന്നതാണ് നരേന്ദ്ര മോദിയുടെ ആത്യന്തിക ലക്ഷ്യമെന്ന് രാഹുല്‍ പരിഹസിച്ചു. നെഹ്റുവിനെയും പട്ടേലിനേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും ആക്ഷേപിച്ച് സ്വന്തം ഭരണപരാജയം മറച്ച് വയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.