‘മോദി സർക്കാർ ഏതുനിമിഷവും നിലംപതിക്കും, റിമോട്ട് ഇന്ത്യാ മുന്നണിയുടെ കയ്യില്‍’; രാഹുല്‍ ഗാന്ധി

 

കണ്ണൂർ: നരേന്ദ്ര മോദി സർക്കാർ ഏത് സമയവും നിലംപതിക്കുമെന്ന് രാഹുൽ ഗാന്ധി. ഈ സർക്കാരിന്‍റെ റിമോട്ട് കൺട്രോൾ ഇന്ത്യാ മുന്നണിയുടെ കൈയിലാണ്. ഇന്ത്യാ മുന്നണി റിമോട്ട് ഓഫാക്കിയാൽ സർക്കാർ വീഴുന്ന അവസ്ഥയാണ്. ഭരണഘടന മാറ്റുമെന്ന് പറഞ്ഞ നരേന്ദ്ര മോദി, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഭരണഘടനയെ വന്ദിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ മട്ടന്നൂരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

വയനാട് സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങുന്നതിനായി കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നതിന് ഇടയിലാണ് രാഹുൽ ഗാന്ധിക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വീകരണം ഒരുക്കിയത്. രാഹുൽ ഗാന്ധി എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പേ തന്നെ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരം ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു, രാഹുൽ ഗാന്ധി എത്തിയതോടെ ആവേശം അണപൊട്ടി ഒഴുകി.

ജനാധിപത്യ സംരക്ഷണത്തിന് താൻ എന്നും മുന്നിൽ ഉണ്ടാവുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി രൂക്ഷമായ ഭാഷയിൽ നരേന്ദ്ര മോദിയെ വിമർശിച്ചു. മട്ടന്നൂരിൽ തന്നെ സ്വീകരിക്കാൻ കടന്നുവന്ന, തന്‍റെ ശബ്ദം ശ്രവിക്കുന്ന ഇടതുപക്ഷ പ്രവർത്തകർ ഉള്‍പ്പെടെയുള്ളവർക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ഈ തിരഞ്ഞെടുപ്പോടെ ബിജെപി ശോഷിച്ചു. മോദി സർക്കാരിന്‍റെ റിമോട്ട് കൺട്രോൾ ഇന്ത്യാ മുന്നണിയുടെ കൈയിലാണെന്നും അത് ഓഫാക്കിയാൽ സർക്കാർ വീഴുന്ന അവസ്ഥയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് രാഹുൽ ഗാഡി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചു. കണ്ണൂരില്‍ കെ. സുധാകരനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം നന്ദി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഉൾപ്പടെയുള്ള നേതാക്കൾ സന്നിഹിതരായിരുന്നു.

Comments (0)
Add Comment