സ്ത്രീസുരക്ഷ ഇല്ലാത്ത ഇടമായി രാജ്യം മാറി ; രാജ്യം ഭരിക്കുന്നത് കോർപറേറ്റുകളുടെ സർക്കാർ : രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, December 9, 2019

രാജ്യത്തിന്‍റെ സമ്പത്ത് കോർപറേറ്റുകൾക്ക് തീറെഴുതാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി. രാജ്യം സ്ത്രീകൾക്ക് ഒട്ടും സുരക്ഷ ഇല്ലാത്ത ഇടമായി മാറി. രാജ്യത്തിന്‍റെ അവസ്ഥ എന്തെന്ന് അറിയാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്നും ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യം ഭരിക്കുന്നത് സാധാരണക്കാരുടെ സർക്കാർ അല്ല, കോർപറേറ്റുകളുടെ സർക്കാരാണ്. രാജ്യത്തിന്‍റെ സ്വത്ത് ഓരോ ദിവസവും കോർപറേറ്റ് സുഹൃത്തുക്കൾക്ക് തീറെഴുതാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമാണ് നവരത്ന കമ്പനികളുടെ ഉൾപ്പെടെ സ്വകാര്യ വൽക്കരണം. രാജ്യത്തെ ഉള്ളിയുടെ വില വർധനവിൽ പാർലമെന്‍റിൽ ചർച്ച നടന്നപ്പോൾ ഞാൻ ഉള്ളി ഉപയോഗിക്കാറില്ല എന്നാണ് ധനമന്ത്രി പറഞ്ഞത്. രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് പോലും മന്ത്രിമാർക്ക് അറിയില്ല എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയിൽ രാജ്യം വലിയ വെല്ലുവിളി നേരിടുന്നു. ബേട്ടി പഠാവോ ബേട്ടി ബചാവോ പറയുന്ന സർക്കാരിന് സ്വന്തം എം.എൽ.എമാരിൽ നിന്നുപോലും പെണ്‍കുട്ടികളെ രക്ഷിക്കാൻ കഴിയുന്നില്ല.

കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരുകളുടെ പ്രവർത്തനം. ജാർഖണ്ഡിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ കാർഷിക കടങ്ങൾ ഉൾപ്പെടെ എഴുതി തള്ളുമെന്ന് രാഹുൽ ഗാന്ധി ജാർഖണ്ഡ് ജനതയ്ക്ക് ഉറപ്പ് നൽകി. ജാർഖണ്ഡിൽ ഇനി മൂന്നാം ഘട്ട തെരഞ്ഞെടുപ്പാണ് നടക്കാനുള്ളത്. രാഹുൽ ഗാന്ധിയുടെ പ്രചാരണം കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഉള്‍പ്പെടെയുള്ളവരില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ഹസാരിബാഗ്, റാഞ്ചി എന്നിവിടങ്ങളിലാണ് ഇന്ന് രാഹുൽ ഗാന്ധി പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.