‘മോദി സര്‍ക്കാർ രാജ്യസുരക്ഷ കൊണ്ട് കളിക്കുന്നു’ ; ഫോണ്‍ ചോർത്തലില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: ഫോണ്‍ ചോർത്തല്‍ വിവാദത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ രാജ്യസുരക്ഷ കൊണ്ട് കളിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്നും കോൺഗ്രസ് ദേശീയ നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഏത് തീവ്രവാദത്തോട് പോരാടാണ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.  സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ ഫോണും ചോര്‍ത്തുന്നത് മനസിലാവുന്നില്ലെന്ന് നേതാക്കള്‍ പരിഹസിച്ചു. രാജ്യത്തെ സുരക്ഷാ സേനകളുടെ തലവന്മാരെയും പോലും മോദി സർക്കാർ വെറുതെ വിട്ടില്ല. മോദി സര്‍ക്കാര്‍ രാജ്യസുരക്ഷ കൊണ്ട് കളിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജെവാല, ലോക്സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൌധരി എന്നിവര്‍.

രാഹുല്‍ ഗാന്ധിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ 2018 മുതല്‍ ചോര്‍ത്തിയതെന്നാണ് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. അദ്ദേഹത്തിന്‍റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോര്‍ത്തി. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍ നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്‍റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്.

Comments (0)
Add Comment