റഫേലില്‍ പ്രതിസന്ധിയിലായ മോദി സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി സി.ബി.ഐ മേധാവിയുടെ നടപടി. ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ അരുണ്‍ ഷൂരിയെയും മുന്‍ ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണേയും സി.ബി.ഐ ഡയറക്ടര്‍ അലോക് വെര്‍മ നേരിട്ട് കണ്ടതാണ് കേന്ദ്രസര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്.
സി.ബി.ഐ തലവന്‍ രാഷ്ട്രീയക്കാരെ നേരിട്ട് കാണുകയെന്ന കീഴ്വഴക്കം ഇല്ല എന്നിരിക്കെ, റഫേല്‍ ഇടപാടിലെ പരാതിക്കാരും മോദി സര്‍ക്കാരിന്റെ നിശിതവിമര്ശകരുമായ വ്യക്തികളുമായി ഓഫീസില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയതാണ് കേന്ദത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത്. റഫേല്‍ ഇടപാടിലെ അഴിമതി വെളിച്ചത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈയിലുള്ള രേഖകള്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു.
ഒരു രാഷ്ട്രീയക്കാരന് സി.ബി.ഐ ഡയറക്ടറെ കാണാന്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, പരാതി സി.ബി.ഐ ഓഫീസിന്റെ റിസപ്ഷനില്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് നിലവിലെ രീതി. ഈ സാഹചര്യത്തില്‍ റഫേലില്‍ അന്വേഷണം ആവശ്യപ്പെട്ട നേതാക്കളെ സി.ബി.ഐ തലവന്‍ നേരിട്ട് കണ്ടത് മോദി സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നതാണ്.
കോണ്‍ഗ്രസ് ആരോപണങ്ങള്‍ ശരിവെക്കുന്ന വിവരങ്ങളാണ് റഫേല്‍ കരാറില്‍ ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് മറുപടിയില്ല. അനില്‍ അംബാനിയുടെ റിലയന്‍സിന് വേണ്ടിയാണ് കരാര്‍ പുതുക്കിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അതേസമയം റഫേല്‍ ഇടപാടിലെ മുഴുവന്‍ രേഖകളും മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശവും മോദി ഗവണ്മെന്റിന് തിരിച്ചടിയായിരിക്കുകയാണ്.