നരേന്ദ്ര മോദി സര്‍ക്കാര്‍ പൂഴ്ത്തിയ രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനത്തിലെത്തിയതായാണ് പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് ഭയന്നാണ് മോദി സര്‍ക്കാര്‍ തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാനും മലയാളിയുമായ പി.സി മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി മീനാക്ഷി എന്നിവരാണ് കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തായത്.
രാജ്യത്ത് നോട്ടു നിരോധനത്തിന് ശേഷമുള്ള തൊഴില്‍ കണക്കുകള്‍ പുറത്തുവിടാത്തത് ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്‍റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ടരാജി. ലഭിച്ച ഡേറ്റ ക്രമീകരിക്കുകയാണെന്നും റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടുമെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ ഫലപ്രദമല്ലാതായെന്നും ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും മോഹന്‍ പ്രതികരിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയത്തിന് കീഴിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍. 2020 വരെയായിരുന്നു ഇരുവരുടെയും കാലാവധി.
2017 -2018 കാലയളവിലാണ് ഈ സര്‍വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 2016ലെ നോട്ടുനിരോധനത്തിന് ശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേയാണിത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ പെരുകിയതായി റിപ്പോര്‍ട്ട് പറയുന്നു. തൊഴിലില്ലായ്മ 6.1 ശതമാനം വര്‍ധിച്ചതായി സര്‍വെയില്‍ പറയുന്നു. 1972-73 വര്‍ഷത്തിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം യു.പി.എ സര്‍ക്കാര്‍ ഭരിച്ചിരുന്ന 2011-12 വര്‍ഷത്തില്‍ തൊഴിലില്ലായ്മ 2.2% ആയിരുന്നു.
കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ചോര്‍ന്നതു കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. 45 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് നോട്ടുനിരോധനത്തിന് ശേഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ഇത് മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും.