മോദി സർക്കാർ റഫാൽ കരാറിൽ മാറ്റം വരുത്തിയത് എന്തിന്? 36 വിമാനങ്ങളിൽ മാത്രമായി കരാർ ഒതുങ്ങിയത് എങ്ങനെ? ചോദ്യങ്ങളുമായി എ.കെ ആന്‍റണി

 

മോദി സർക്കാരിന്‍റെ റഫാൽ കരാറിലെ വീഴ്ചകളിൽ ചോദ്യങ്ങളുമായി മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. വാജ്‌പേയി സർക്കാർ 2001 ൽ തുടങ്ങിവെച്ചതും തുടർന്നുവന്ന യു.പി.എ സർക്കാർ 90 ശതമാനം പൂർത്തിയാക്കിയതുമായ കരാറിൽ മോദി സർക്കാർ വെള്ളം ചേർത്തതെന്തിനെന്ന് എ.കെ ആന്‍റണി ചോദിച്ചു. 126 വിമാനങ്ങൾ വാങ്ങാനാണ് യു.പി.എ സർക്കാർ കരാറുണ്ടാക്കിയത്. എന്നാൽ വെറും 36 വിമാനങ്ങൾ മാത്രമാണ് നിലവിലെ മോദി സർക്കാരിന്‍റെ കരാറിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് മോദി സർക്കാർ വിശദീകരിക്കേണ്ടതുണ്ട്.

‘റഫാൽ യുദ്ധവിമാനങ്ങളുടെ വരവിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന വെല്ലുവിളികളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത് സഹായകമാകും. ഇന്ത്യൻ വ്യോമസേനയുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു. എന്നാൽ ചരിത്രം ആവശ്യപ്പെടുന്ന ചില ചോദ്യങ്ങൾക്ക് മോദി സർക്കാർ മറുപടി പറയേണ്ടതുണ്ട് ‘ – ആന്‍റണി പറഞ്ഞു.

വ്യോമസേനയെയും അതിലൂടെ രാജ്യസുരക്ഷയെയും ശക്തിപ്പെടുത്താനായി 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ 2001 ൽ വാജ്‌പേയി സർക്കാർ തുടങ്ങിവെച്ചതും യു.പി.എ സർക്കാർ മുന്നോട്ടുകൊണ്ടുപോയതുമായ കരാറിൽ നിന്ന് മോദി സർക്കാർ വ്യതിചലിച്ചത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. തുടർന്നുവന്ന യു.പി.എ സർക്കാർ 90 ശതമാനവും പൂർത്തിയാക്കിയ കരാറിന്‍റെ ബാക്കിയുള്ള നിസാര നടപടിക്രമങ്ങൾ എന്തുകൊണ്ട് മോദി സർക്കാർ പാലിച്ചില്ല?

ലഘുവായ നടപടിക്രമങ്ങൾ മാത്രമാണ് പിന്നീടുണ്ടായിരുന്നത്. ഇത് മോദി സർക്കാർ പാലിക്കാൻ തയാറായില്ല. കരാർ പ്രകാരം 126 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യക്ക് ലഭിക്കുമായിരുന്നത്. 18 വിമാനങ്ങൾ നേരിട്ടും ബാക്കി 108 എണ്ണം സ്വന്തമായി വികസിപ്പിക്കാൻ സാങ്കേതിക വിദ്യ കൈമാറുകയും ചെയ്യുന്നതായിരുന്നു കരാർ.

യു.പി.എ സർക്കാർ 90 ശതമാനവും പൂർത്തിയാക്കിയ നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ രാജ്യത്തിന് 126 റഫാൽ വിമാനങ്ങൾ ലഭിക്കുമായിരുന്നു. എച്ച്.എ.എല്ലിന് റഫാലിന്‍റെ സാങ്കേതിക വിദ്യയും കൈമാറുമായിരുന്നു. ആയിരക്കണക്കിന് ഇന്ത്യൻ എൻജിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും എച്ച്.എ.എല്ലിൽ ജോലി ലഭിക്കുമായിരുന്നു. എന്നാൽ മോദി സർക്കാറിന്‍റെ കരാറിലൂടെ ഇന്ത്യക്ക് 36 വിമാനങ്ങൾ മാത്രമേ ലഭിച്ചുള്ളൂ എന്നുമാത്രമല്ല, റഫാൽ സാങ്കേതിക വിദ്യ നഷ്ടമാവുകയും ചെയ്തതെന്ന് എ.കെ ആന്‍റണി ചൂണ്ടിക്കാട്ടി.

റഫാൽ വിമാനങ്ങൾ രാജ്യത്തിന് ലഭിക്കുന്നതിന് ഇത്രയും വർഷങ്ങൾ നഷ്ടമാക്കിയത് ചില ബി.ജെ.പി നേതാക്കളാണെന്നും ആന്‍റണി കൂട്ടിച്ചേർത്തു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ യു.പി.എ സർക്കാർ കൊണ്ടുവന്ന കരാറിലൂടെ 126 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് ലഭിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment