‘ജനകീയ പ്രക്ഷോഭങ്ങളെ മോദി സര്‍ക്കാർ ഭയക്കുന്നു’ ; കോണ്‍ഗ്രസ് പിന്മാറില്ലെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Monday, July 26, 2021

 

ജനകീയ പ്രക്ഷോഭങ്ങളെ മോദി സര്‍ക്കാര്‍ എത്രമാത്രം ഭയക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്ന് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കര്‍ഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. യാതൊരു വിധത്തിലുമുള്ള പ്രതികാര നടപടികള്‍ക്ക് വഴങ്ങി പിന്മാറില്ലെന്നും കർഷക സമരത്തിന് പൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കര്‍ഷകര്‍ക്ക് പിന്തുണയുമായി ട്രാക്ടർ ഓടിച്ചായിരുന്നു രാഹുല്‍ ഗാന്ധി  പാർലമെന്‍റിലേക്ക്എത്തിയത്. കർഷകരുടെ വികാരം മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകർക്കായി പ്രതിഷേധിച്ച എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജേവാല അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഐതിഹാസിക സമരത്തിലാണ് രാജ്യത്തെ കർഷകർ. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ശ്രീ. രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തിയത് സ്വയം ട്രാക്ടർ ഓടിച്ചാണ്. തീർത്തും ജനാധിപത്യ രീതിയിൽ നടന്ന ഈ സമരത്തിന് നേതൃത്വം നൽകിയ അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ വക്താവ് രൺദീപ് സിംഗ് സുർജേവാലയെ അറസ്റ്റ് ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദിയുടെ സർക്കാർ പ്രതികരിച്ചത്. ജനകീയ പ്രക്ഷോഭങ്ങളെ കേന്ദ്ര സർക്കാർ എത്ര മാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. കർഷക മാരണ നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയത് മുതൽ കോൺഗ്രസ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യമെങ്ങും സമരത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ഒരു തരത്തിലുള്ള പ്രതികാര നടപടിക്കും അടിപ്പെട്ടു ഈ സമരത്തിൽ നിന്നു കോൺഗ്രസ് പിന്മാറില്ല. കർഷക പാർലമെന്‍റിന് ഐക്യദാർഢ്യം.