വിമർശനങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളെ വരുതിയിലാക്കാന്‍ സമ്മർദതന്ത്രവുമായി മോദി സർക്കാർ. സര്‍ക്കാരിന്‍റെ പിഴവുകൾ ചൂണ്ടിക്കാട്ടുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്ക് പരസ്യങ്ങൾ നിഷേധിച്ച് വരുതിയിലാക്കാനാണ് നീക്കം. ഇതിന്‍റെ ഭാഗമായി ദ ഹിന്ദു, ടെലിഗ്രാഫ് തുടങ്ങിയ മാധ്യമങ്ങൾക്കാണ് കേന്ദ്രസർക്കാർ പരസ്യത്തിന് വിലക്കേർപ്പെടുത്തിയത്. അതേസമയം 2014 മുതൽ 2018 വരെ പരസ്യങ്ങൾക്കായി മോദി സർക്കാർ ചെലവഴിച്ചത് 5,200 കോടി രൂപയാണ്.
റഫാൽ വിമാന ഇടപാടിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് ‘ദി ഹിന്ദു’ വിന് വിലക്ക് വന്നത്. എ.ബി.പി ഗ്രൂപ്പിന് കീഴിൽ വരുന്ന ടെലിഗ്രാഫിന് ഒരു വർഷത്തിലേറെയായി കേന്ദ്രം പരസ്യം നൽകുന്നില്ല. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ ‘ഗ്രേറ്റർ കശ്മീർ’, ‘കശ്മീർ റീഡർ’ എന്നീ പത്രങ്ങൾക്കും പരസ്യങ്ങൾ നിഷേധിച്ചു.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡി.എ.വി.പി മുഖാന്തരമാണ് മാധ്യമസ്ഥാപനങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ നൽകുക. പ്രത്യേക പാനൽ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി എംപാനൽ ചെയ്യപ്പെട്ട മാധ്യമങ്ങൾക്ക് പരസ്യം നൽകും. സർക്കാരിനെതിരെ വാർത്ത നൽകുന്നതും മറ്റും പരസ്യം വിലക്കാൻ കാരണമാകാറില്ല. സർക്കാർ പരസ്യങ്ങൾക്ക് 2019 ജനുവരിയിൽ 15 ശതമാനം നിരക്ക് വർധിപ്പിച്ചിരുന്നു. 2014 മുതൽ 2018 വരെ സർക്കാർ പരസ്യങ്ങൾക്കായി മോദി സർക്കാർ ചെലവഴിച്ചത് 5,200 കോടി രൂപയാണ്. ഇതിൽ 2,282 കോടി രൂപയുടെ പരസ്യം പത്രമാധ്യമങ്ങൾക്ക് ചെലവഴിച്ചു. 2312.59 കോടി രൂപയുടെ പരസ്യം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയായിരുന്നു . 651.14 കോടി രൂപ മറ്റുരീതിയിലുള്ള പരസ്യങ്ങൾക്ക് ചെലവിട്ടു.
പരസ്യം നിഷേധിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മോദി സർക്കാരിന്‍റെ നീക്കത്തെ ലോക്‌സഭയിൽ കോൺഗ്രസ് സഭാനേതാവ് അധിർ രജ്ഞൻ ചൗധരി വിമർശിച്ചിരുന്നു. രണ്ടാമതും അധികാരത്തിലെത്തിയതിന് പിന്നാലെ, വിമർശിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായ നീക്കം മോദി സർക്കാർ ശക്തിപ്പെടുത്തുകയാണ്.