തൊഴിലില്ലായ്മക്കെതിരെ പോരാടാനെത്തിയ മോദി ആദ്യം ഇടിച്ചത് ഗുരുവായ അദ്വാനിയുടെ മുഖത്ത്: രാഹുല്‍ഗാന്ധി

Jaihind Webdesk
Monday, May 6, 2019

ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ബോക്സര്‍’ എന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയ്ക്കെതിരേ പോരാടാനാണ് മോദി ബോക്സിങ് റിങ്ങില്‍ കയറിയതെന്നും എന്നാല്‍ കളിയില്‍ പ്രഹരമേറ്റത് അദ്ദേഹത്തിന്റെ പരിശീലകനായ എല്‍.കെ അദ്വാനിക്കാണെന്നും രാഹുല്‍ ഗാന്ധിയുടെ ട്രോള്‍.

‘തന്റെ 56 ഇഞ്ചിന്റെ പൊങ്ങച്ചം പറയുന്ന നരേന്ദ്രമോദിയെന്ന ബോക്സര്‍ തൊഴിലില്ലായ്മയ്ക്കെതിരെയും കര്‍ഷകപ്രശ്നങ്ങള്‍ക്കെതിരേയും അഴിമതിക്കെതിരേയുമൊക്കെ പോരാടാനാണ് ബോക്സിങ് റിങ്ങില്‍ക്കയറിയത്. അദ്വാനിയെ പ്രഹരിച്ചശേഷം അദ്ദേഹം നോട്ടസാധുവാക്കലില്‍ക്കൂടിയും ജി.എസ്.ടിയില്‍ക്കൂടിയും ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും പുറത്താക്കി.’- ഹരിയാനയിലെ ഭിവാനിയില്‍ വെച്ചുനടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ മറ്റ് ടീമംഗങ്ങളായ ഗഡ്കരിയടക്കം അവിടെയുണ്ടായിരുന്നു. മോദി റിങ്ങില്‍ക്കയറി ആദ്യം ചെയ്ത കാര്യം അദ്വാനിയുടെ മുഖത്ത് ശക്തമായ പ്രഹരമേല്പിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

രാജ്യത്തിന് ബോക്സിങ് രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ നാടാണു ഭിവാനി. ഒളിമ്പിക്സില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയ വിജേന്ദര്‍ സിങ് അടക്കമുള്ള ബോക്സര്‍മാര്‍ ഭിവാനി സ്വദേശികളാണ്. ഇത്തവണ ദക്ഷിണ ദല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിജേന്ദര്‍.

ഗാന്ധിനഗറില്‍ നിന്ന് ആറുതവണ ലോക്സഭയിലെത്തിയ അദ്വാനിയെ മാറ്റി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേയും രാഹുല്‍ മോദിയെ ആക്രമിച്ചിരുന്നു. തന്റെ ഗുരുവായ അദ്വാനിയെ മോദി അപമാനിച്ചെന്ന് മഹാരാഷ്ട്രയിലെ ചന്ദ്രപുരില്‍ സംസാരിക്കവേ കഴിഞ്ഞമാസം രാഹുല്‍ ആരോപിച്ചിരുന്നു. ‘ആരാണ് മോദിയുടെ ഗുരു. അദ്വാനിജി. എന്നാല്‍ മോദി ഇന്ന് അദ്ദേഹത്തെ കൈകൂപ്പി വണങ്ങുന്നില്ല. മാത്രമല്ല, അദ്വാനിയെ ഷൂ കൊണ്ട് അടിച്ച് സ്റ്റേജില്‍ നിന്ന് താഴെയിടുകയും ചെയ്തു’- അദ്ദേഹം പറഞ്ഞു.