പശ്ചിമബംഗാളില്‍ ബി.ജെ.പി – മമത യുദ്ധം; മോദി ബിഗ്‌ബോസാണെന്ന് ധരിക്കരുതെന്ന് മമതാ ബാനര്‍ജി

Jaihind Webdesk
Tuesday, February 5, 2019

ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനോട് സി.ബി.ഐക്ക് മുന്നില്‍ ഹാജാരാകാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോടും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കേസിലെ സുപ്രീം കോടതി നിലപാട് സിബിഐ അന്വേഷണവുമായി സഹകരിക്കാത്ത മമതാ സര്‍ക്കാരിന് തിരിച്ചടിയാണെന്നിരിക്കെ കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദേശം ധാര്‍മ്മിക വിജയമെന്നാണ് മമതാ ബാനര്‍ജിയുടെ ആദ്യ പ്രതികരണം. വിരോധം തീര്‍ക്കാന്‍ സിബിഐയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന മമത, സുപ്രീം കോടതി ഉത്തരവ് വന്നതോടെ മോഡി രാജ്യത്തെ ബിഗ് ബോസാണെന്ന് ധരിക്കരുതെന്നും ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസെന്നുമാണ് പ്രതികരിച്ചത്.

താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാന്‍ രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സിബിഐ നീക്കത്തിനെതിരെ ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ആരംഭിച്ച ധര്‍ണ വേദിയിലാണ് സുപ്രീം കോടതി ഉത്തരവിനെ കുറിച്ചുള്ള മമതാ ബാനര്‍ജിയുടെ പ്രതികരണം.