ഹരിയാന: രാജ്യത്തെ മാധ്യമങ്ങള്‍ അദാനിയുടെയും മോദിയുടെയും മിത്രങ്ങളാണെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാത്ത മോദി, രാജ്യത്തെ 22 ശതകോടീശ്വരന്‍മാരുടെ ബാധ്യതകള്‍ പൂര്‍ണമായും എഴുതി തള്ളിയെന്നും രാഹുല്‍ ഗാന്ധി ഹരിയാനയില്‍ പറഞ്ഞു.
അദാനിയുടെ മകന്‍റെ വിവാഹം ദിവസങ്ങളോളം വാര്‍ത്ത നല്‍കി ആഘോഷിക്കുന്ന മാധ്യമങ്ങള്‍ പക്ഷെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിത പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. ജോഡോ യാത്രകളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ജീവിത പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ സമീപിച്ചതെന്നും രാഹുല്‍ ഗാന്ധി ഹരിയാനയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.
അഗ്നിവീര്‍ പദ്ധതി സേനാംഗങ്ങള്‍ക്ക് ഗുണകരമല്ല. ഇന്ത്യാമുന്നണി ഭരണത്തിലെത്തിയാല്‍ അഗ്നിവീര്‍ ചവറ്റുകുട്ടയിലിടും. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ പാവപ്പെട്ട സ്ത്രീകള്‍ക്ക് വര്‍ഷം 1 ലക്ഷം രൂപ പദ്ധതി അവര്‍ ദാരിദ്ര രേഖക്ക് മുകളിലെത്തുന്നതുവരെ തുടരുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്ന 20ലക്ഷം തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നികത്താന്‍ നടപടി സ്വീകരിക്കും. താന്‍ രാജ്യത്തിന്‍റെ രാജാവല്ല, അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും, രാജാവ് മോദിയാണെന്നും പ്രസംഗത്തിനിടെ ഹരിയാനയിലെ ജനങ്ങളുടെ ആവേശംകണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ വലിയ ആവേശത്തോടെയാണ് ഹരിയാനയിലെ ജനങ്ങള്‍ സ്വീകരിച്ചത്.