ഹ്രസ്വമായ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നരേന്ദ്ര മോദി അധിക്ഷേപിക്കുന്നത് ചരിത്ര നിഷേധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നത് നരേന്ദ്ര മോദിയുടെ സമനില തെറ്റിയതിനാലാണ്. ആധുനിക ഇന്ത്യയുടെ സൃഷ്ടാക്കളില്‍ മുഖ്യസ്ഥാനീയനാണ് രാജീവ് ഗാന്ധി. അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണ്. ഐ.ടി, ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്ത് വിപ്ലവാത്മക തുടക്കം കുറിച്ച നേതാവ്. സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്ത് നഗരപാലിക ബില്ലിന്റെ ശില്‍പ്പി. സാക്ഷരത സാര്‍വത്രികമാക്കി. വിദ്യാഭ്യാസം എന്നത് ഭരണഘടനാ അവകാശമാക്കാന്‍ തുടക്കം കുറിച്ചതും രാജീവ് ഗാന്ധിയാണ്. വോട്ടവകാശം 18 വയസ് ആക്കിയതും അധികാരവികേന്ദ്രീകരണ പ്രക്രിയ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയതും രാജീവ് ഗാന്ധിയാണ്. വസ്തുകള്‍ വിസ്മരിച്ച് വോട്ടുനേടാന്‍ കാടടച്ച് രാജീവ്ഗാന്ധിയെ വിമര്‍ശിക്കുന്നതിന് മുമ്പായി അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്തെല്ലാമാണെന്ന് പഠിക്കാനെങ്കിലും മോദി തയ്യാറാകണം.
അഴിമതിക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന രാജീവ് ഗാന്ധി തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ചെല്ലാം സംയുക്തപാര്‍ലമെന്റ് കമ്മിറ്റിയെക്കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവിട്ട നേതാവാണ്. അന്വേഷണം നടത്തിയിട്ട് രാജീവ് ഗാന്ധിക്കെതിരായി ഒരു ചില്ലികാശിന്റെ അഴിമതി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലായെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അഗ്‌നിശുദ്ധി വരുത്തി പൊതുജീവിതം നയിച്ച രാജീവ് ഗാന്ധിയെ കുറിച്ച് സംസാരിക്കാന്‍ മോദിക്ക് എന്തുയോഗ്യതയാണുള്ളത്. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ 30000 കോടിയുടെ ഗുരുതരമായ അഴിമതി ആരോപണം ഉണ്ടായിട്ടും മോഷ്ടാവെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടും നരേന്ദ്ര മോദി തനിക്കെതിരായ ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്റ് സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള രാഷ്ട്രീയ മര്യാദ പോലും കാണിക്കുന്നില്ല.
അന്വേഷണങ്ങളെ ഭയക്കുന്ന ഭീരുവാണ് മോദി. തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട നേതാവിന്റെ ജല്‍പ്പനങ്ങളായെ മോദിയുടെ പ്രസ്താവനയെ ഇന്ത്യന്‍ ജനതകാണൂ. ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഫാസിസ്റ്റായ മോദിയെന്ന് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തെ കുറിച്ചുള്ള മോദിയുടെ പ്രസംഗങ്ങള്‍ അതിന്റെ ആദ്യചുവട് വയ്പ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു.