പ്രിയങ്കയെ പേടിച്ച് ഡല്‍ഹിയില്‍ മത്സരിക്കാന്‍ മോദി; അവിടെയും മോദി രക്ഷപ്പെടാത്തവിധം തന്ത്രമൊരുക്കി കോണ്‍ഗ്രസ്

Jaihind Webdesk
Monday, April 22, 2019

ന്യൂഡല്‍ഹി: വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതോടെ രണ്ടാമതൊരു സുരക്ഷിത മണ്ഡലത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പ്രിയങ്കഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തുമെന്ന വാര്‍ത്ത വന്നതോടെ ഡല്‍ഹിയില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് മോദി.

പ്രിയങ്കഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പ്രിയങ്കയെ മത്സരിക്കുകയാണെങ്കിലുള്ള രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് എസ്പിയും ബിഎസ്പിയുമായും നേതൃത്വം ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രിയങ്ക മത്സരിച്ചേക്കും എന്നതിനാല്‍ വാരണാസിയില്‍ മഹാസഖ്യം ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന നിലപാടാണ് എസ്പി-ബിഎസ്പി സഖ്യം നേരത്തേ സ്വീകരിച്ചിരുന്നത്. ഇരുപാര്‍ട്ടികളുടേയും പിന്തുണ പ്രിയങ്കയ്ക്ക് ലഭിച്ചാല്‍ മോദിയുടെ പരാജയം ഉറപ്പാക്കാനാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഡല്‍ഹിയിലെ വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഇതും മോദി ഡല്‍ഹിയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.

ദില്ലിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നാല് പേരും സിറ്റിങ്ങ് എംപിമാരാണ്.അതേസമയം മൂന്ന് മണ്ഡലങ്ങളില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മോദി ദില്ലില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് മറ്റൊരു തന്ത്രം ഇവിടെ പയറ്റിയേക്കുമെന്ന സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നു. മോദിയെ മത്സരിപ്പിച്ചാല്‍ ആപും കോണ്‍ഗ്രസും വീണ്ടും സഖ്യസാധ്യത പൊടിതട്ടിയെടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.