‘ഇന്ത്യ’ മുന്നണിയിലെ സിപിഎം ഒളിച്ചുകളിക്കു പിന്നിൽ കേരള ഘടകത്തിന്‍റെ സമ്മർദ്ദം; പിന്നിൽ കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള ഭയം; മോദി സർക്കാർ വിരുദ്ധ മുന്നണിയിൽ പ്രത്യക്ഷമായി ചേർന്നാൽ ലാവലിൻ കേസിലടക്കം തിരിച്ചടിയാകുമെന്ന് ആശങ്ക

 

തിരുവനന്തപുരം: ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് സിപിഎം അടവുനയത്തിലേക്ക് നീങ്ങുന്നതിന് പിന്നില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാന ഘടകത്തിന്‍റെയും അതിശക്തമായ സമ്മര്‍ദ്ദമെന്ന് സൂചന. നിരവധി കേസുകളില്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും അന്വേഷണം നേരിടുന്നതിനാല്‍ പ്രത്യക്ഷമായി മോദി സര്‍ക്കാര്‍ വിരുദ്ധ മുന്നണിയില്‍ ചേര്‍ന്നാല്‍ തിരിച്ചടിയാകുമോ എന്നതാണ് സിപിഎം കേരള ഘടകത്തെ ഭയപ്പെടുത്തുന്നത്.

ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് സിപിഎമ്മില്‍ നിന്ന് ആരും പോകേണ്ട എന്നതാണ് പോളിറ്റ് ബ്യൂറോ തീരുമാനം. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന എസ്എന്‍സി ലാവലിനും സ്വര്‍ണ്ണക്കടത്തും അടക്കം അരഡസനോളം കേസുകളാണ് സിബിഐ അടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷത്തിലുള്ളത്. ഇപ്പോഴും കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ട് പറക്കുന്നു. ഏറ്റവും ഒടുവില്‍ തലവേദനയായി മാറികൊണ്ടിരിക്കുന്നത് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസാണ്. കേസില്‍ ഓരോ ദിവസവും ഇഡി കണ്ടെത്തുന്ന തെളിവുകള്‍ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലും പ്രതിരോധത്തിലുമാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ സിപിഎം കേരള ഘടകത്തെ ഭയപ്പെടുത്തുന്നു.

മറ്റു പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കെതിരായ കേസുകളില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകുമ്പോഴും പിണറായി വിജയന്‍ പ്രതിപട്ടികയിലുള്ള ലാവലിന്‍ കേസ് 34-ാം തവണയും സിബിഐ അസൗകര്യം അറിയിച്ച് മാറ്റിയതും സ്വര്‍ണ്ണക്കടത്ത് കേസ് എങ്ങുമെത്താതെ നില്‍ക്കുന്നതുമൊക്കെ അന്തര്‍ധാര ഏത്രത്തോളം സജീവമാണെന്ന് വ്യക്തമാക്കുന്നതാണ്. കേരള ഘടകത്തിന്‍റെ ഭയത്തോടൊപ്പമുള്ള ഈ ആശങ്കയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഏകോപന സമിതിയില്‍ ഔദ്യോഗികമായി ചേരേണ്ട എന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ബംഗാള്‍ ഘടക നേതാക്കള്‍ക്കും അടവുനയത്തിലേക്ക് നീങ്ങുന്നതില്‍ കടുത്ത വിയോജിപ്പാണുള്ളതെന്നാണ് അറിയുന്നത്.

നിസഹായത കൊണ്ട് പിണറായി വിജയന്‍റെയും കേരള ഘടത്തിന്‍റെയും സമ്മര്‍ദ്ദത്തിന് വഴങ്ങുക മാത്രമെ യെച്ചൂരിക്കും പോളിറ്റ് ബ്യൂറോയ്ക്കും നിവൃത്തിയുള്ളൂ. എന്തായാലും വലിയ വായില്‍ ബിജെപി വിരുദ്ധത പറയുന്ന സിപിഎമ്മിന്‍റെ ഫാസിസത്തിനെതിരായ പോരാട്ടത്തിലെ ആത്മാര്‍ത്ഥത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ ഒളിച്ചുകളി അടവുനയം.

Comments (0)
Add Comment