ഗുജറാത്ത് കലാപത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിക്ക് ഒഴിയാനാവില്ല; എഹ്സാൻ ജാഫ്രിക്കും കുടുംബത്തിനും ഒപ്പമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, June 27, 2022

Jairam-Ramesh

 

ന്യൂഡല്‍ഹി: സാകിയ ജാഫ്രി കേസിലെ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് കോണ്‍ഗ്രസ്. എഹ്സാൻ ജാഫ്രിക്കും കുടുംബത്തിനുമൊപ്പമാണ് കോൺഗ്രസ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കലാപത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

സാകിയ ജാഫ്രി കേസിൽ സുപ്രീം കോടതി വിധി വരുമ്പോഴും അടിസ്ഥാനപരമായ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ലെന്ന് ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയാലും അദ്ദേഹത്തെ വേട്ടയാടുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഗുജറാത്ത് കലാപത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെക്കുറിച്ച് വാജ്പേയിക്ക് മോദിയെ ഓർമ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണ്? അന്നത്തെ പ്രത്യേക അന്വേഷണ സഘം കണ്ടെത്തിയ തെളിവുകൾ സംബന്ധിച്ച് ബിജെപിക്ക് എന്താണ് പറയാനുള്ളതെന്നും കോൺഗ്രസ് ചോദിച്ചു.

വർഗീയ കലാപ കേസുകളിൽ മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്‍റെയും ഭരണഘടനാപരവും ധാർമ്മികവുമായ ഉത്തരവാദിത്വം എന്താണെന്ന് ജയരാം രമേശ് ചോദിച്ചു. അത്തരം കേസുകളിൽ ഉത്തരവാദിത്വംകളക്ടറുടേതും ഡെപ്യൂട്ടി കമ്മീഷണറുടേതും മാത്രമായി ഒതുങ്ങി തീരുന്നത് എങ്ങനെയാണ്. അക്രമത്തിന്‍റെയും കലാപത്തിന്‍റെയും വലയത്തിലേക്ക് ഒരു സംസ്ഥാനം വലിച്ചെറിയപ്പെടുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമില്ലേയെന്നും ജയറാം രമേശ് ചോദിച്ചു. കേസിൽ എഹ്സാൻ ജാഫ്രിക്കും കുടുംബത്തിനും ഒപ്പമാണ് കോൺഗ്രസ് നിൽക്കുന്നത്. ബിജെപിയുടെ വ്യാജ പ്രചരണങ്ങൾക്ക് വസ്തുതകളെ ഒരിക്കലും മായ്ച്ചുകളയാനാവില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജഫ്രി ഹർജി നല്‍കിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹ‍ർജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹർജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവെക്കുന്നതായും സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.