പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസമിൽ കരിങ്കൊടി പ്രതിഷേധം വ്യാപകം. ഗോ ബാക്ക് മോദി എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. പൗരത്വ ബിൽ പാസാക്കിയതിനെതിരെ അസമിൽ ജനരോഷം ശക്തം.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുവാഹത്തിയിലെത്തിയ പ്രധാനമന്ത്രിയെ അസം ജനത വരവേറ്റത് കരിങ്കൊടികളും ‘ഗോ ബാക്ക് മോദി’ എന്ന മുദ്രാവാക്യം വിളിയുമായാണ്. സഞ്ചരിച്ച വീഥികളില്‍ ഉടനീളം കരിങ്കൊടി വീശി പ്രതിഷേധം അര്‍പ്പിച്ചവരില്‍ ഏറെയും യുവാക്കളാണെന്നത് ബിജെപി അണികളെ ഒട്ടൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. അസം ജനതയുടെ എതിർപ്പിനെ മറികടന്ന് പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെതിരെയുള്ള പ്രതിഷേധമാണ് സംസ്ഥാന വീഥികളില്‍ അവര്‍ മോദിയുടെ കാതുകളിലേയ്ക്ക് എത്തിച്ചത്.
എയർപ്പോർട്ടിൽ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ ‘നരേന്ദ്ര മോദി ഗോ ബാക്ക്’, പൗരത്വ ബിൽ ഇല്ലാതാക്കുക, അസം ജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളോടെ വിവിധ സംഘടനകൾ കരിങ്കൊടി ഉയർത്തി. ഓൾ ആസാം സ്റ്റുഡന്‍റ്‌സ് യൂണിയന്‍, ക്രിഷക് മുക്രി സംഗ്രമം സമിതി (കെ.എം.എസ്.എസ്) അംഗങ്ങളാണ് പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയർത്തിയത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജയിൻ, തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഇന്ത്യയിൽ നിശ്ചിത കാലം താമസിക്കുന്നവർക്ക് പൗരത്വം നൽകാൻ കഴിയുന്നതാണ് ബിൽ. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരൻമാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിർദേശിക്കുന്നത്. എന്നാൽ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള ആറ് വർഷം ഇന്ത്യയിൽ താമസിച്ചവർക്ക് പൗരത്വം നൽകും. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നു കൂടിയായിരുന്നു ഇത്.
നേരത്തെ, മോദിയുടെ തമിഴ്‌നാട് സന്ദര്‍ശന വേളകളിലും പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ് ടാഗോടേയായിരുന്നു വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. മോദി ചെന്നൈയില്‍ പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തിയും അന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.