കേന്ദ്രസര്‍ക്കാരിന്‍റെ ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ലക്ഷ്യം പരസ്യം ചെയ്ത് മോദിയെ രക്ഷിക്കുക എന്നത് മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പദ്ധതിക്കായി വകയിരുത്തിയ ഫണ്ടില്‍ 56 ശതമാനത്തിലധികവും ചെലവഴിച്ചത് പരസ്യങ്ങള്‍ക്കായാണെന്ന് ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയത്.
പെണ്‍കുട്ടികളോടുള്ള അവഗണനയ്ക്കെതിരെയും അവരുടെ ഉന്നമനത്തിനും എന്ന പേരില്‍ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയാണ് ബേട്ടി ബചാവോ ബേട്ടി പഠാവോ. എന്നാല്‍ ഈ ഫണ്ടിന്‍റെ പകുതിയിലേറെയും മോദി സര്‍ക്കാര്‍ വിനിയോഗിച്ചിരിക്കുന്നത് പരസ്യങ്ങള്‍ക്കായാണ്. ജനുവരി 4ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീരേന്ദ്രകുമാര്‍ ലോക്സഭയില്‍ എം.പിമാരുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച രേഖയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2014 -19 കാലയളവിലെ ഫണ്ട് വിനിയോഗം (Image Courtesy: The Quint)
25 ശതമാനത്തില്‍ താഴെ മാത്രമാണ് പദ്ധതിനിര്‍വഹണത്തിനായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. 19 ശതമാനത്തോളം ഫണ്ട് ചെലവാക്കിയിട്ടുമില്ല. 56 ശതമാനത്തിലേറെയും ചെലവഴിച്ചത് പരസ്യങ്ങള്‍ക്ക്. ഇതോടെ മോദി സര്‍ക്കാരിന്‍റെ പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യം പെണ്‍കുട്ടികളുടെ ഉന്നമനമല്ല, മറിച്ച് സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനുള്ള പരസ്യം ചെയ്യലായിരുന്നു എന്നതാണ് വ്യക്തമാകുന്നത്.
ഇത് മോദിയെ രക്ഷിക്കാനുള്ള പരസ്യം ചെയ്യലാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ‘മോദി ബചാവോ, അഡ്വര്‍ടൈസ്മെന്‍റ് ചലാവോ’ എന്ന് രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്ററില്‍ കുറിച്ചു.