യുഎഇയുടെ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ മെഡല്‍ മോദിക്ക് സമ്മാനിച്ചു : എല്ലാ ഇന്ത്യക്കാര്‍ക്കുമെന്ന് പ്രധാനമന്ത്രി; റുപേ കാര്‍ഡ് ഗള്‍ഫില്‍ ആദ്യമായി ഇനി യുഎഇയിലും

അബുദാബി : യുഎഇയുടെ പരമോന്നത പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ചു. ഇതോടൊപ്പം, ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ യുഎഇ ലോഞ്ചും ബിസിനസ് മീറ്റും നടന്നു. അതേസമയം, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ മരണം മൂലം, മോദിയുടെ വിദേശ പര്യടനം വെട്ടിച്ചുരുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. ഫ്രാന്‍സില്‍ നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎഇ തലസ്ഥാനമായ അബുദാബിയില്‍ എത്തിയത്. തുടര്‍ന്ന്, ശനിയാഴ്ച രാവിലെ, അബുദാബി എമിറേറ്റ്‌സ് പാലസില്‍, ഇന്ത്യയുടെ റൂപേ കാര്‍ഡ് ലോഞ്ചും ഇതുസംബന്ധിച്ച ധാരണാ പത്രം ഒപ്പിടല്‍ ചടങ്ങും നടന്നു.

ഇന്ത്യന്‍ ബിസിനസ് സമൂഹത്തിലെ ഉന്നത സംഘവുമായുള്ള കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി സംബന്ധിച്ചു. കാശ്മീരിലെ നിക്ഷേപ സാധ്യതകളും, മോദി ബിസിനസ് സംഘവുമായി വിശദീകരിച്ചു. മലയാളി വ്യവസായികളായ എം എ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതില്‍ സംബന്ധിച്ചു.

തുടര്‍ന്ന്, അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍, പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. യു.എ.ഇ ഉപസര്‍വ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ബഹുമതി സമ്മാനിച്ചത്. തുടര്‍ന്ന്, മോദിയുമായി ഷെയ്ഖ് സായിദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, കൂടുതല്‍ മികച്ചതാക്കുന്ന വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്. ഒപ്പം, ഇതാദ്യമായാണ് ഷെയ്ഖ് സായിദ് മെഡല്‍ എന്ന ബഹുമതിയ്്ക്ക് , ഒരു ഇന്ത്യക്കാരന്‍ തിരഞ്ഞെടുക്കപ്പെടുന്നതും.

 

Comments (0)
Add Comment