‘മോദിയുടെ കുടുംബം’ ടാഗ് നീക്കം ചെയ്യാന്‍ പ്രവർത്തകരോട് മോദി; നീക്കം രാഹുല്‍ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെ

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ (മോദിയുടെ കുടുംബം) ടാഗ് നീക്കം ചെയ്യണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ട് നരേന്ദ്ര മോദി. ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എന്‍ഡിഎ മന്ത്രിസഭയില്‍ കുടുംബാധിപത്യമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിനു തൊട്ടു പിന്നാലെയാണ് മോദിയുടെ നീക്കം.

“പോരാട്ടത്തിന്‍റെയും ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവർ ‘സർക്കാർ കുടുംബങ്ങളിലേക്ക്’ അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്നു വിളിക്കുന്നത്” – രാഹുൽ ഗാന്ധി പറഞ്ഞു.

20 മന്ത്രിമാരുടെ പട്ടിക സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടികയും അദ്ദേഹം പങ്കുവെച്ചു. രാഹുല്‍ ഗാന്ധിയുടെ സാമൂഹ്യമാധ്യമ പോസ്റ്റിന് തൊട്ടുപിന്നാലെയാണ് ‘മോദി കാ പരിവാര്‍’ ടാഗ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി രംഗത്തെത്തിയത്. എക്‌സിലൂടെയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

Comments (0)
Add Comment