‘മോദിയുടെയും ഷായുടെയും ഹെലികോപ്റ്ററുകള്‍ കൂടി പരിശോധിക്കണം’: ജയ്റാം രമേശ്

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ കൂടി പരിശോധിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. തമിഴ്നാട്ടിലെ നീലഗിരിയിൽ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കന്മാർക്ക് പോകേണ്ടതുണ്ട്. താരപ്രചാരകർക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പോകാൻ ഹെലികോപ്റ്റർ ആവശ്യമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലൈയിംഗ് സ്ക്വാഡാണ് പരിശോധിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. അങ്ങനെയെങ്കിൽ രാഹുലിന്‍റേതു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണം” – ജയ്റാം രമേശ് പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ഭാഷാപരമായി പോലും വേർതിരിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരായ ജനരോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസിന് അനുകൂലമായ തരംഗമാണ് ഉടലെടുക്കുന്നത്. ബിജെപിയുടെ പ്രകടനപത്രികയിൽ രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. അതേസമയം കോൺഗ്രസിന്‍റെ ന്യായ്പത്ര രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും നീതിയും ഉറപ്പാക്കുന്നതാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോൺഗ്രസിന്‍റെ ഔദ്യോഗിക ഗാനവും പുറത്തുവിട്ടു. പ്രവർത്തകസമിതിയംഗം സുപ്രിയ ഷ്രിനാറ്റെയും എഐസിസി ആസ്ഥാനത്തു നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment