കണക്ക് പറയേണ്ടിവരും ഗംഗയിലെ മൃതദേഹങ്ങള്‍ക്ക് ; വീഴ്ച വിലയിരുത്താന്‍ ആര്‍എസ്എസ് യോഗം, പങ്കെടുത്ത് മോദിയും ഷായും

ന്യൂഡല്‍ഹി : രാജ്യത്ത് ദുരിതം വിതച്ച കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച വീഴ്ചയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് യോഗം ചേര്‍ന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെ ഇന്ത്യയിലെ കൊവിഡ് അവസ്ഥ വാര്‍ത്തയാക്കിയത് ബിജെപിയുടെ പ്രതിഛായയെ ബാധിച്ചെന്ന പൊതുവായ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിക്കിടെ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ നിരവധിയാണ്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് സംഹാരതാണ്ഡവം നടത്താന്‍ കാരണമായത് സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണെന്ന് പ്രമുഖ നേതാക്കളുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യം പ്രാണവായുവിനായി കേഴുമ്പോഴും 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസവും നേരിട്ടില്ല. കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയും പ്രധാനമന്ത്രിയുടെ പുതിയ വസതി കൂടി ഉള്‍പ്പെടുന്ന മന്ദിരസമുച്ചയത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നതില്‍ ഈ ആത്മാര്‍ത്ഥത കണ്ടില്ലെന്നും ആരോപണം ഉയര്‍ന്നു. സുപ്രീം കോടതി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടതും കേന്ദ്രത്തിന് കനത്ത തിരിച്ചടിയായി.

കൊവിഡ് മൂന്നാം തരംഗം ശക്തമായ ഭീഷണി ഉയര്‍ത്തുമ്പോള്‍ കാര്യക്ഷമമായി പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം ഏവര്‍ക്കും വാക്സിന്‍ നല്‍കുക എന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വികലമായ വാക്സിന്‍ നയവും ശക്തമായ പഴി കേട്ടു. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതിലും കൂടുതല്‍ വാക്സിന്‍ വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്. നാനാ കോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയരുകയാണ്. രണ്ടാം വരവില്‍ കോവിഡ് കടന്നാക്രമിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിലാണ് ഉത്തര്‍പ്രദേശ്. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നത് വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നാണക്കേടായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. രോഗപരിശോധന, രോഗികളുടെ എണ്ണം എന്നീ വിഷയങ്ങളില്‍ സുതാര്യതയില്ലെന്നും സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ ഏറ്റവും വഷളാകുമെന്നും കൃത്യമായ കണക്കുകളെങ്കിലും പുറത്തുവിടാന്‍ യോഗി തയാറാകണമെന്നും പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ കൊവിഡില്‍ തൊട്ടതെല്ലാം പൊള്ളിയ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് യോഗം ചേര്‍ന്നത്. പൊതുസമൂഹത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ആര്‍എസ്എസും ബിജെപി ഉന്നതനേതൃത്വവും കടുത്ത ആശങ്കയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതും യോഗത്തില്‍ ചര്‍ച്ചയായി. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ ബിജെപി എംപിമാരെ അയയ്ക്കുന്ന ഉത്തര്‍പ്രദേശില്‍ ഭരണം നിലനിര്‍ത്തുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ബിജെപി നേതൃത്വത്തെ ആകുലപ്പെടുത്തുന്നുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസ്‌ബൊലെ, ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള സുനില്‍ ബന്‍സാല്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment