അക്രമങ്ങൾ എങ്ങനെ വർധിപ്പിക്കാം എന്നതിൽ പിണറായിയും മോദിയും മത്സരിക്കുന്നു : വി.എം.സുധീരൻ

Jaihind News Bureau
Thursday, October 10, 2019

രാജ്യത്തും സംസ്ഥാനത്തും അക്രമങ്ങൾ എങ്ങനെ വർധിപ്പിക്കാം എന്ന കാര്യത്തിൽ പിണറായിയും മോദിയും മത്സരിക്കുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ.   ദേശീയ തലത്തിൽ സി പി എം അക്രമത്തിനും വർഗീയതക്കും എതിരെ സംസാരിക്കുമ്പോൾ സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ അക്രമ രാഷ്ട്രീയത്തിന്‍റെ വക്താക്കളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദിന്‍റെ രണ്ടാം ഘട്ട പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എം.സുധീരൻ

കഴിഞ്ഞ പാർലിമെന്‍റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ വർഗ്ഗീയ ശക്തികൾക്കെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയുമാണ് വിധിയെഴുതിയത്. നരേന്ദ്ര മോദിയുടെ ഭരണംദേശീയ തലത്തിൽ ഇന്ത്യ കണ്ട ഏറ്റവും മോശം ഭരണമാണ്, മോദി ഭരണത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകർച്ച ആണ് ഉണ്ടായിട്ടുള്ളതെന്നും, ലോകത്തിന്‍റെ സാമ്പത്തിക രംഗം തകർന്ന സമയത്ത് പോലും ഇന്ത്യ പിടിച്ച് നിന്നത് കോൺഗ്രസിന്‍റെ സാമ്പത്തിക നയം കൊണ്ടാണെന്നും വി.എം.സുധീരൻ പറഞ്ഞു

പിണറായി സർക്കാർ സംസ്ഥാനത്തെ ചോരക്കളമാക്കി മാറ്റിയെന്നും, കൊലപാതക കേസുകൾ തേച്ച് മായ്ക്കാൻ കോടികൾ ഒഴുക്കുന്ന സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ് പെരിയ ഇരട്ട കൊലക്കേസിൽ സി.ബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയിലൂടെ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ പ്രളയ ബാധിതർക്ക് ആദ്യഘട്ട ധനസഹായം പോലും സർക്കാർ നൽകിയില്ലെന്നും,പാവപ്പെട്ട ജനങ്ങൾക്ക് പ്രാഥമിക സഹായം പോലും നൽകാത്ത സർക്കാർ ഇപ്പോൾ കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനാണ് ശ്രമിക്കുന്നതെന്നും വി.എം.സുധീരൻ കുറ്റപ്പെടുത്തി. എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ , രമ്യ ഹരിദാസ്, എം എൽ എ മാരായ വി.ഡി സതീശൻ, അൻവർ സാദത്ത് സ്ഥാനാർത്ഥി ടി.ജെ.വിനോദ് തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.