ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍ : കെ സുധാകരന്‍ എം.പി

Jaihind News Bureau
Friday, February 21, 2020

മുഖ്യമന്ത്രി പിണറായി വിജയൻ പല കാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കുകയാണെന്ന് കെ സുധാകരൻ എം.പി. മോദി വർഗീയതയിലൂടെ ജനങ്ങളെ ചതിക്കുന്നു. പിണറായി തട്ടിപ്പ് പ്രഖ്യാപനത്തിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും കെ സുധാകരൻ എം.പി പറഞ്ഞു.

കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ ഇരുപത്തി ഒന്നാം ദിനത്തിലെ പര്യടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കെ സുധാകരന്‍ രൂക്ഷ വിമർശനം നടത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ  പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് ചെയ്യുന്നത്.  ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ ആണെന്നും കെ സുധാകരൻ എം.പി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ പല കാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കുകയാണ്. മോദിയും പിണറായിയും ജനങ്ങളുമായി ബന്ധമില്ലാത്ത  പ്രൊഫഷണൽ ടീമിന്‍റെ നിയന്ത്രണത്തിലാണ്. ഇരുവരുടെയും നടപ്പും യാത്രയും പ്രസംഗവും തീരുമാനങ്ങളും എടുക്കുന്നത് ഈ ടീമാണ്. ജനസമൂഹവുമായി ബന്ധമില്ലാത്ത ഇത്തരക്കാരുടെ ഉപദേശം കേട്ടാണ് രണ്ട് പേരും വിവരക്കേടുകളും ജനദ്രോഹനടപടികളുമായി മുന്നോട്ട് പോകുന്നത്. മോദി വർഗീയതയിലൂടെയും  പിണറായി തട്ടിപ്പ് പ്രഖ്യാപനത്തിലൂടെയും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

ജാഥാ ലീഡർ സതീശൻ പാച്ചേനി ഉൾപ്പടെയുളള നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തിയ സഹനസമര പദയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയത്. പദയാത്ര ഈ മാസം 24 ന് കണ്ണൂരിൽ സമാപിക്കും.