ഡല്‍ഹി: ഓന്ത് നിറംമാറുന്ന വേഗത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ റോഡുകളുടെയും സ്ഥലങ്ങളുടെയും ചരിത്രനിര്‍മ്മിതികളുടെയും പേരുകള്‍ മാറ്റുന്നത്. ഏറ്റവുമൊടുവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ,് പോര്‍ട്ട് ബ്ലെയറിന്റെ പേര് ‘ശ്രീ വിജയ പുരം’ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയപുരം പ്രതീകപ്പെടുത്തുന്നുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. മുമ്പത്തെ പേരിന് കൊളോണിയല്‍ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, ശ്രീ വിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും എ & എന്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.’- ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ തീരുമാനം പ്രഖ്യാപിച്ചു.
എന്തായാലും മോദിസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ പേരുമാറ്റല്‍ അത്ര പുതുമയുള്ള കാര്യമല്ല. ഓരോ പ്രദേശത്തിനും പേരുകള്‍ വരുന്നതിന് ആ പേരുമായി ബന്ധപ്പെട്ട ചരിത്രമുണ്ടാകും. ചരിത്രത്തിലെ ആ ഘട്ടത്തെ മായ്ച്ചുകളയാന്‍ പേര് മാറ്റം കൊണ്ട് മാത്രം സാധ്യമാകുമോയെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അതിനായി പേര് മാറ്റുകയെന്നത് പലയിടത്തെയും ഭരണാധികാരികളുടെ രീതിയായിരുന്നു. അതില്‍ ഒന്നാമത് നില്‍ക്കുന്നത് നരേന്ദ്രമോദിയും സര്‍ക്കാരുമാണെന്ന് പറയാതെ വയ്യ.
രാജഭരണകാലത്ത് ഏകാധിപതികളുടെ ഇച്ഛയ്ക്കനുസരിച്ച് പേരുകള്‍ മാറ്റിയിരുന്നു. എന്നാല്‍, ജനാധിപത്യത്തില്‍ പേരുകള്‍ പൊതുവില്‍ മുന്‍കാലങ്ങളിലെ ഓര്‍മ്മകളെ മായ്ച്ചുകളയാന്‍ മിനക്കെടാതെ അതുപോലെ തുടരുകയാണ് ചെയ്തത്. എന്നാല്‍, അതിനൊരപവാദമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പേര് മാറ്റല്‍ നടപടികള്‍. സ്ഥലം, അവാര്‍ഡ്, സ്റ്റേഡിയം ഉദ്യാനം, റോഡ് എന്നിവയുടെയൊക്കെ പേര് മാറ്റുകയെന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രധാന പരിപാടികളിലൊന്നാണ്.
രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ ആക്കി. രാഷ്ട്രപതി ഭവനു മുന്നില്‍ തുടങ്ങി ഇന്ത്യ ഗേറ്റ് വരെ നീളുന്ന രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കിമാറ്റി. ബിജെപി അധികാരത്തിലെത്തിയശേഷം ഡല്‍ഹിയിലെ മുഗള്‍-ബ്രിട്ടീഷ് ഭരണകാലഘട്ടം ഓര്‍മിപ്പിക്കുന്ന പല റോഡുകളുടെയും പേര് മാറ്റിയിരുന്നു. ഔറംഗസേബ് റോഡ്, റേസ് കോഴ്‌സ് റോഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുശേഷം ഉത്തര്‍പ്രദേശില്‍ ഫൈസാബാദ്, അലഹബാദ് തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റിയിരുന്നു.
തീന്‍മൂര്‍ത്തി ചൗക്ക് തീന്‍മൂര്‍ത്തി ഹൈഫെ ചൗക്ക് എന്നും പേര് മാറ്റം നടന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയായ തീന്‍മൂര്‍ത്തി ഭവന്‍ ഇപ്പോള്‍ മ്യൂസിയമാണ്. മൂന്ന് കുതിരപ്പട റെജിമെന്റുകളുടെ പങ്ക് അടയാളപ്പെടുത്തുന്നതിനാണ് തീന്‍മൂര്‍ത്തി ചൗക്ക് എന്ന് നാമകരണം ചെയ്തത്. 2021 ല്‍, സിക്കിമിലെ സോംഗോ തടാകത്തെയും ഗാങ്‌ടോക്കിലെ നാഥുല ചുരത്തിനെയും ബന്ധിപ്പിക്കുന്ന 19.51 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെയും പേര് മാറ്റം നടന്നു. ജവഹര്‍ലാല്‍ നെഹ്‌റു റോഡ് എന്നതില്‍നിന്നു നരേന്ദ്ര മോദി മാര്‍ഗ് എന്നാണ് സിക്കിം സര്‍ക്കാര്‍ മാറ്റിയത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പുതുക്കിപ്പണിതപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമായി. അതിനുശേഷമാണ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയത്.
ഐതിഹാസിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇപ്പോള്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയമാണ്.
ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേരും മാറ്റി. 2021ലാണ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്ന പേര് മാറ്റം വന്നത്. 41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്.
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമായ അലഹബാദിനെ ‘പ്രയാഗ്‌രാജ്’ ആക്കി മാറ്റിയത് യോഗി സര്‍ക്കാരാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലം കൂടിയായ അലഹബാദ് സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായകമായ ചരിത്രയോഗങ്ങള്‍ക്ക് സാക്ഷിയായ നഗരം കൂടിയാണ്.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കൊണ്ടുവന്ന പദ്ധതികള്‍ തന്നെ പേര് മാറ്റിയതാണ് മോദി സര്‍ക്കാരിന്റെ പല പദ്ധതികളുമെന്ന ആരോപണം ആദ്യം മുതല്‍ തന്നെയുണ്ട്. എന്തായാലും അക്കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ലായെന്നാണ് ഇപ്പോഴും വ്യക്തമാകുന്നത്.